പ്രതിഷേധങ്ങള്‍ക്കിടയില്‍ ഗവര്‍ണര്‍ തൊടുപുഴയിലെത്തി

Latest News

തൊടുപുഴ: ഹര്‍ത്താലും കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തൊടുപുഴയിലെത്തി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനത്തിനാണ് ഗവര്‍ണര്‍ എത്തിയത്. ഭൂനിയമ ഭേദഗതി ബില്ലില്‍ മൂന്നുതവണ സര്‍ക്കാരിനോട് വിശദീകരണം തേടി കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും ചിലര്‍ സമ്മര്‍ദ്ദപ്പെടുത്തി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും താന്‍ റബ്ബര്‍ സ്റ്റാമ്പ് അല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ ഇടുക്കിയിലെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ രാജഭവനിലേക്ക് മാര്‍ച്ച് നടത്തുമ്പോഴാണ് ഗവര്‍ണര്‍ തൊടുപുഴയിലെത്തിയത്.
ഗവര്‍ണറുടെ നടപടിയോടുള്ള പ്രതിഷേധം ഹര്‍ത്താല്‍ പ്രഖ്യാപിച്ചാണ് ഇടതുമുന്നണി പ്രകടിപ്പിച്ചത്. ഹര്‍ത്താലില്‍ കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ആലുവ ഗസ്റ്റ് ഹൗസില്‍ നിന്നും 11 മണിയോടെ തൊടുപുഴയിലെത്തിയ ഗവര്‍ണര്‍ക്ക് ഇടതു യുവജന സംഘടന പ്രവര്‍ത്തകര്‍ പ്രതിഷേധ ബാനറും കരിങ്കൊടിയും വീശി. ജില്ലാ അതിര്‍ത്തി മുതല്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധം ഉണ്ടായിരുന്നു. ഹര്‍ത്താലിനിടെ ചടങ്ങിലെത്തിയ ഗവര്‍ണരുടേത് ധീരമായ നടപടി എന്ന് പറഞ്ഞാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ സ്വീകരിച്ചത്. മലയാളത്തില്‍ സംസാരിച്ചുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്.
വ്യാപാരികളുടെ ജീവകാരുണ്യ പ്രവര്‍ത്തനം മാതൃകാപരമെന്ന് ഗവര്‍ണര്‍ പറഞ്ഞു.വ്യാപാരികളെയും വ്യവസായികളെയും സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പല പദ്ധതികളും നടപ്പാക്കുന്നുണ്ട്. അതിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ വ്യാപാരികള്‍ക്ക് സഹായകമെന്ന് കരുതുകയാണ്. ലാഭം ഉണ്ടാക്കുന്നതു മാത്രമല്ല ജീവകാരുണ്യവും ഉത്തരവാദിത്വമാണെന്ന വ്യാപാരികളുടെ നിലപാട് മാതൃകാപരമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *