പ്രതിഷേധം; ഇന്നലെയും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി

Top News

. കോഴിക്കോട് ജില്ലയിലെ മിക്ക കേന്ദ്രങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല
. കാസര്‍കോട് റോഡില്‍പായ വിരിച്ച് കിടന്ന് പ്രതിഷേധം

കോഴിക്കോട്: ഡ്രൈവിംഗ്ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം തുടരുന്നു.കോഴിക്കോട് ജില്ലയിലെ മിക്ക കേന്ദ്രങ്ങളിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. മുക്കത്തും ചേവായൂരിലും ഡ്രൈവിംഗ് സ്കൂള്‍ ഇന്‍സ്ട്രക്ടേഴ്സ് ആന്‍റ് വര്‍ക്കേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ലേണേഴ്സിനുള്ളവര്‍ മാത്രമാണ് ടെസ്റ്റിനായെത്തിയത്. ഫറോക്ക്, നന്മണ്ട തുടങ്ങിയ സ്ഥലങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല.
കണ്ണൂര്‍ തലശേരി സബ് ആര്‍ടിഒ ഓഫീസിലേക്ക് ഡ്രൈവിംഗ് ഇന്‍സ്ട്രക്റ്റേഴ്സിന്‍റെ സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. തലശേരി സബ് ആര്‍ടിഒയുടെ പരിധിയില്‍ വരുന്ന എല്ലാ ഡ്രൈവിംഗ് ഇന്‍സ്ട്രക്റ്റേഴ്സും പ്രതിഷേധത്തില്‍ പങ്കെടുത്തു.കാസര്‍കോട് പായ വിരിച്ച് റോഡില്‍ കിടന്നാണ് പ്രതിഷേധം നടന്നത്. കാഞ്ഞങ്ങാട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു.
തിരുവനന്തപുരം മുട്ടത്തറ ഗ്രൗണ്ടില്‍ ആരും ടെസ്റ്റിന് എത്തിയില്ല. ഇവിടെ 21 പേര്‍ക്കായിരുന്നു ഇന്നലെ ടെസ്റ്റിന് സ്ലോട്ട് നല്‍കിയത്. പാലക്കാട് മലമ്പുഴയില്‍ കുത്തുപാള കഞ്ഞി സമരമാണ് പ്രതിഷേധക്കാരുടെ നേതൃത്വത്തില്‍ നടന്നത്. സമരക്കാരുടെ നേതൃത്വത്തില്‍ കഞ്ഞി വെച്ചായിരുന്നു സമരം.
15 വര്‍ഷത്തിന് ശേഷമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് പാടില്ലെന്ന നിര്‍ദ്ദേശവും ഇരട്ടക്ലച്ചും ബ്രേക്കും ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും ഉള്‍പ്പെടെ ഫെബ്രുവരി മാസത്തിലുള്ള സര്‍ക്കുലര്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് സമിതി പറയുന്നത്. ഓരോ ദിവസം സ്ലോട്ട് നഷ്ടമാകുന്നവര്‍ക്ക് മാസങ്ങള്‍ക്ക് ശേഷമായിരിക്കും പുതിയ ടെസ്റ്റിന് അവസരം ലഭിക്കുന്നത്. ലേണേഴ്സ് കഴിഞ്ഞാല്‍ ആറ് മാസത്തിനുള്ളില്‍ ടെസ്റ്റ് ജയിച്ചിരിക്കണം. സമരം നീണ്ടുപോയാല്‍ സമയപരിധിക്കുള്ളില്‍ ഇവര്‍ക്ക് ടെസ്റ്റില്‍ പങ്കെടുക്കാനാകുമോയെന്നും സംശയമാണ്.

Leave a Reply

Your email address will not be published. Required fields are marked *