പ്രതിപക്ഷ സഖ്യം രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് ഖാര്‍ഗെ

Latest News

. നിതീഷ് കുമാര്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ വിവിധ പ്രതിപക്ഷ നേതാക്കളുടെ നിര്‍ണായക കൂടിക്കാഴ്ച. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്കുമാര്‍, ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്, ജെഡിയു അദ്ധ്യക്ഷന്‍ രാജീവ് രഞ്ജന്‍ സിങ്ങ് എന്നിവരാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രതിപക്ഷ സഖ്യം രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് യോഗത്തിന് ശേഷം ഖാര്‍ഗെ പറഞ്ഞു. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ചരിത്രപരമായ ചുവടുവെപ്പ് എന്നാണ് രാഹുല്‍ ഗാന്ധി യോഗത്തെ വിശേഷിപ്പിച്ചത്. ‘പ്രതിപക്ഷ ഐക്യത്തിനായി ചരിത്രപരമായ മുന്നേറ്റമാണ് നടക്കുന്നത്. ഇതൊരു പ്രക്രിയയാണ്, രാജ്യത്തോടുള്ള പ്രതിപക്ഷത്തിന്‍റെ കാഴ്ചപ്പാട് ഞങ്ങള്‍ വികസിപ്പിക്കും. ഒരുപാട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു, എല്ലാ പാര്‍ട്ടികളെയും യോജിപ്പിച്ച് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ ഒറ്റക്കെട്ടായി നേരിടും. ഈ പ്രത്യയശാസ്ത്ര പോരാട്ടത്തില്‍ എല്ലാ പാര്‍ട്ടികളെയും ഒപ്പം കൊണ്ടുപോകും. ജനാധിപത്യ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള ആക്രമണത്തെ ഒരുമിച്ച് പ്രതിരോധിക്കും’, രാഹുല്‍ ഗാന്ധി പറഞ്ഞു.
കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുമെന്നും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. പ്രതിപക്ഷ സഖ്യം ഒരുമിച്ച് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഖാര്‍ഗെ പറഞ്ഞു. രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുമെന്നും നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായെന്നും ഒരുമിച്ച് മുന്നോട്ടുപോകുമെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതിനുള്ള ആദ്യ ഔപചാരിക ശ്രമമാണ് നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും ഫോണ്‍ മുഖേന ചര്‍ച്ച നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ഖാര്‍ഗെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *