ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ ബി.ജെ.പിക്കെതിരെ രൂപപ്പെട്ട പ്രതിപക്ഷ ഐക്യം സജീവമായി നിലനിറുത്താന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അടുത്തയാഴ്ച പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ഓണ്‍ലൈന്‍ യോഗം സംഘടിപ്പിക്കുന്നു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ, ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ഹേമന്ത് സോറന്‍ തുടങ്ങിയവരും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കുമെന്നാണ് സൂചന. എന്‍.സി.പി നേതാവ് ശരദ്പവാറും യോഗത്തില്‍ പങ്കെടുത്തേക്കും.പാര്‍ലമെന്‍റ് സമ്മേളനകാലത്ത് രൂപപ്പെട്ട ഐക്യം 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാക്കള്‍ക്കായി നടത്തിയ പ്രഭാതവിരുന്ന് സത്ക്കാരത്തില്‍ ആം ആദ്മിപാര്‍ട്ടി, ബി.എസ്.പി തുടങ്ങിയ കക്ഷികള്‍ വിട്ടു നിന്നതും പ്രമുഖ പാര്‍ട്ടികളുടെ മുന്‍നിര നേതാക്കള്‍ വരാതിരുന്നതും ചര്‍ച്ചയായിരുന്നു. ഇതിനിടെ മമതാ ബാനര്‍ജി സ്വന്തം നിലയ്ക്കും പ്രതിപക്ഷ ഐക്യത്തിന് മുന്നിട്ടിറങ്ങിയത് തങ്ങളുടെ പ്രസക്തി നഷ്ടപ്പെടുത്തുമെന്ന് കോണ്‍ഗ്രസിന് ആശങ്കയുണ്ട്.
