ന്യൂഡല്‍ഹി: ചൊവ്വാഴ്ച രാജ്യസഭയിലുണ്ടായ പ്രതിപക്ഷ ബഹളത്തിലും പ്രതിഷേധത്തിലും ‘വിതുമ്പിക്കരഞ്ഞ്’ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു. ‘ദൈവനിന്ദ’യ്ക്ക് തുല്യമാണ് ചെയ്തതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. പ്രതിപക്ഷ എം.പിമാര്‍ ടേബിളില്‍ കയറി പ്രതിഷേധിച്ചതിനെ പരാമര്‍ശിച്ചാണ് വെങ്കയ്യ നായിഡുവിന്‍റെ പ്രസ്താവന. പാര്‍ലമെന്‍റ് ‘ക്ഷേത്ര’ത്തിലെ ‘ശ്രീകോവിലാ’യാണ് ഈ ടേബിളിനെ കണക്കാക്കുന്നതെന്നും വെങ്കയ്യ പറഞ്ഞു.
നമ്മുടെ ജനാധിപത്യക്ഷേത്രത്തിന്‍റെ ശ്രീകോവിലില്‍ ദൈവനിന്ദാപരമായ പ്രവര്‍ത്തികള്‍ കണ്ട്, ഹൗസ് ചെയര്‍മാനെന്ന നിലയില്‍ ഭയപ്പെട്ടുപോയി’ ഇന്ന് സഭ ചേരവെ വെങ്കയ്യ നായിഡു പറഞ്ഞു. പാര്‍ലമെന്‍റ് സെഷന്‍ തുടങ്ങിയതു മുതല്‍ പ്രതിപക്ഷം ആവശ്യപ്പെടുന്ന, പെഗാസസ് വിഷയം, കാര്‍ഷിക ബില്ലില്‍ ചര്‍ച്ച എന്നിവയ്ക്ക് പകരം ‘കര്‍ഷക പ്രശ്നത്തില്‍ ഹ്രസ്വ ചര്‍ച്ച’യാവാമെന്ന നിലപാടിനെതിരെയാണ് ഇന്നലെ പ്രതിപക്ഷം ബഹളം വച്ചത്.ചില എം.പിമാര്‍ രേഖകള്‍ സൂക്ഷിക്കുന്ന ടേബിളില്‍ കയറുക വരെ ചെയ്തു. ഇതോടെ സഭ നിര്‍ത്തിവച്ചിരുന്നു.