. 30 വരെ നടക്കേണ്ട സമ്മേളനമാണ് എംഎല്‍എമാരുടെ സത്യാഗ്രഹ സമരത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്
തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ നിയമസഭാ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ചോദ്യോത്തരവേള അവസാനിപ്പിക്കുകയും ബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസാക്കുകയും ചെയ്തതിന് പിന്നാലെ സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഈ മാസം 30 വരെയായിരുന്നു സഭാ സമ്മേളനംനടക്കേണ്ടിയിരുന്നത്. സഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയനാണ് സഭയില്‍ അവതരിപ്പിച്ചത്. അതേസമയം പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടിസ് ഇന്നലെയും പരിഗണിച്ചില്ല.പ്രതിപക്ഷത്തോട് സര്‍ക്കാര്‍ കാട്ടുന്ന വിവേചനത്തില്‍ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചിരുന്നു. അന്‍വര്‍ സാദത്ത്, ടി.ജെ.വിനോദ്, കുറുക്കോളി മൊയ്തീന്‍, എ.കെ.എം അഷ്റഫ്, ഉമാതോമസ് എന്നിവരാണ് സത്യഗ്രഹം ആരംഭിച്ചത്. ഇതിനുപിന്നാലെയാണ് സഭ വെട്ടിച്ചുരുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സഭാനടപടികള്‍ തടസ്സപ്പെടുകയാണെന്നും ശരിയായ രീതിയില്‍ സഭ കൊണ്ടുപോകുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ധിക്കാരംനിറഞ്ഞ നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനാല്‍ സത്യഗ്രഹ സമരത്തിലേക്ക് പോകുകയാണെന്നും അദ്ദേഹം അറിയിച്ചു .സഭാചട്ടം അനുസരിച്ച് നടുത്തളത്തില്‍ സത്യഗ്രഹം ഇരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. നടുത്തളത്തില്‍ സത്യഗ്രഹം നടത്തുന്നത് ശരിയായ രീതിയല്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. സഭാധ്യക്ഷന്‍ പ്രതിപക്ഷത്തെ വിളിച്ച് ചര്‍ച്ച നടത്തിയില്ലെന്നും എന്താണ് പ്രശ്നമെന്ന് പ്രതിപക്ഷത്തോട് ചേദിച്ചില്ലെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചര്‍ച്ചയ്ക്കു വിളിച്ചെന്നും പ്രതിപക്ഷം സഹകരിച്ചില്ലെന്നും എ.എന്‍.ഷംസീര്‍ അറിയിച്ചു