തിരുവനന്തപുരം: കാലഹരണപ്പെട്ട മരുന്നുകള്‍ വില്‍ക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ ആരോപണത്തിനെതിരെ വിമര്‍ശനവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രതിപക്ഷ നേതാവ് കാര്യങ്ങള്‍ അറിയാതെയാണ് പ്രതികരിക്കുന്നത്. കാലഹരണപ്പെട്ട മരുന്നുകള്‍ ആശുപത്രികള്‍ നല്‍കുന്നില്ല. പ്രതിപക്ഷ നേതാവ് ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയാന്‍ പാടില്ല. ആളുകളില്‍ ഭയമുണ്ടാക്കുന്നതാണ് ഇത്തരം പ്രസ്താവനകളെന്നും വീണാ ജോര്‍ജ് പറഞ്ഞു.
കിന്‍ഫ്രയില്‍ കെഎംഎസ്സിഎല്‍ ഗോഡൗണില്‍ കത്തിയ മരുന്ന് യു.ഡി.എഫ് കാലത്ത് വാങ്ങിക്കൂട്ടിയതാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് അക്കാര്യം കൂടി പരിശോധിക്കണം. മരുന്ന് സംഭരണ ശാലകളിലെ തീപിടിത്തത്തില്‍ ഇടക്കാല റിപ്പോര്‍ട്ട് മാത്രമാണ് കിട്ടിയത്. ഇത് പ്രകാരം ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് വൈകാതെ കിട്ടും. വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ വന്‍ അഴിമതി നടന്നെന്ന വി.ഡി. സതീശന്‍റെ ആരോപണത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സിഎജിക്ക് മറുപടി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
