. സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘര്‍ഷം
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകളും ജീവനക്കാരും ഇന്നലെ സംസ്ഥാന വ്യാപകമായി പണിമുടക്കി. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തവരും ജോലിക്കെത്തിയ ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ക്ഷാമബത്തയും ശമ്പളകുടിശ്ശികയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്.
സെക്രട്ടറിയേറ്റ് അനക്സ് വണ്ണിന് മുന്നിലായിരുന്നു സംഘര്‍ഷമുണ്ടായത്. പണിമുടക്കിയ പ്രതിപക്ഷ സംഘടനാ അംഗങ്ങള്‍ ഗേറ്റിന് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ ഇടത് സംഘടന സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ എക്സിക്യുട്ടീവ് അംഗവും ഭാര്യയും ഇരുചക്രവാഹനത്തില്‍ അകത്തേക്ക് ജോലിക്കായെത്തി. സമരക്കാര്‍ വാഹനം തടഞ്ഞെന്നാണ് ഇടത് സംഘടനകളുടെ ആരോപണം.
എന്നാല്‍, പ്രകോപനം ഉണ്ടാക്കാനായി സമരക്കാര്‍ക്കിടയിലൂടെ വാഹനം ഓടിച്ചെന്നാണ് പ്രതിപക്ഷസംഘടനകളുടെ ആക്ഷേപം. ഇതേതുടര്‍ന്ന് പഞ്ച് ചെയ്ത് ജോലിക്ക് കയറിയ ഇടത് സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ഗേറ്റിലേക്ക് വന്നു സമരക്കാരുമായി വാക് തര്‍ക്കം നടത്തി. പിന്നെ ഉന്തും തള്ളും കയ്യാങ്കളിയുമായി. പൊലീസ് എത്തിയാണ് അനുനയിപ്പിച്ചത്.
അതേസമയം, പണിമുടക്ക് ദിവസം സെക്രട്ടറിയേറ്റില്‍ 4200 ജീവനക്കാരില്‍ 3675 പേര്‍ ജോലിക്കെത്തി. എസ്എംവി സ്കൂളിന് മുന്നില്‍ സമരക്കാരും ജോലിക്കെത്തിയ അധ്യാപകരും തമ്മില്‍ വാക്കേറ്റമുണ്ടായി.യു.ഡി.എഫ് സംഘടനകള്‍ക്കൊപ്പം ബി.ജെ.പി അനുകൂല സംഘടനകളും പണിമുടക്കി. സെക്രട്ടറിയേറ്റിന് മുന്നിലേക്ക് പ്രകടനം നടത്തി. വിവിധ ജില്ലകളില്‍ കളക്ടറേറ്റുകളിലേക്കും താലൂക്ക് ഓഫീസുകളിലേക്കും മാര്‍ച്ചും നടത്തി. പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നു.