കോട്ടയം: പുതുപ്പള്ളിയില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു. ഞായറാഴ്ച വൈകുന്നേരം പാമ്പാടിയിലായിരുന്നു കൊട്ടിക്കലാശം. പാമ്പാടി കേന്ദ്രീകരിച്ച് യു.ഡി.എഫും എല്‍.ഡി.എഫും എന്‍.ഡി.എയും കലാശക്കൊട്ടിന് അണിനിരന്നപ്പോള്‍ആവേശം കത്തിക്കയറി. കൊട്ടിക്കലാശത്തില്‍ കെകെ റോഡ് നിശ്ചലമായി.സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്തത്ര ആവേശത്തിലും ആഘോഷാരവത്തിലുമായും പുതുപ്പള്ളി. 24ദിവസത്തെ പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണത്തിനുള്ള സമയമാണ്.
നാളെയാണ് പുതുപ്പള്ളി ജനത ബൂത്തിലെത്തി ഉമ്മന്‍ ചാണ്ടിയുടെ പകരക്കാരനാരെന്ന് വിധിയെഴുതുക. സെപ്റ്റംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്.സി.തോമസ് പാമ്പാടിയില്‍ റോഡ് ഷോ നടത്തി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് കൊട്ടിക്കലാശത്തില്‍ പങ്കുചേര്‍ന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനാകട്ടെ ആഘോഷം ഒഴിവാക്കി പദയാത്ര നടത്തിയാണ് കൊട്ടിക്കലാശത്തിനൊപ്പം ചേര്‍ന്നത്. സഹോദരി അച്ചു ഉമ്മനും തൃക്കാക്കര എം എല്‍ എ ഉമാ തോമസും ചാണ്ടി ഉമ്മന് വേണ്ടി റോഡ് ഷോ നടത്തി. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും ബി.ജെ. പി പ്രവര്‍ത്തകരും കൊട്ടിക്കലാശത്തിന്‍റെ ആവേശത്തിനൊപ്പം ചേര്‍ന്നു.
പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളില്‍ റോഡ് ഷോകളുമായി മൂന്ന് മുന്നണികളുടെയും നേതാക്കള്‍ പുതുപ്പള്ളിയില്‍ ആവേശം അലയടിപ്പിച്ചു.കൊട്ടിക്കലാശം നടന്ന പാമ്പാടിയിലേക്ക് കൊടികളും തോരണങ്ങളുമായി പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. പരസ്യ പ്രചാരണം അവസാനിച്ച ആറ് മണിക്ക് വെടിക്കെട്ടിന്‍റെ ആവേശം. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്നതും കൊട്ടിക്കലാശത്തെ ശ്രദ്ധേയമാക്കി.
