തിരുവനന്തപുരം : കുട്ടികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കുന്നതില്‍ കേരളം ലോകത്തിന് മാതൃകയാണെന്നും പോഷകാഹാര ലഭ്യതയില്‍ കേരളത്തിന് 32.6 ശതമാനം വളര്‍ച്ച കൈവരിക്കാനായതായും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ‘ഫെസ്റ്റ് ഓഫ് ഹാപ്പിനസ്’ ഉദ്ഘടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോഷകാഹാര ലഭ്യതയില്‍ ഇന്ത്യയുടെ വളര്‍ച്ച 6.4 ശതമാനം മാത്രമാണ്. കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിനാണ് അംഗനവാടികളിലൂടെ പാലും മുട്ടയും നല്‍കുന്ന ‘പോഷക ബാല്യം’ പദ്ധതി നടപ്പിലാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
പൂര്‍ണ ശിശുസൗഹൃദ സംസ്ഥാനം വാര്‍ത്തെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളേയും രക്ഷിതാക്കളേയും സംഘടിത വിഭാഗമായി ഉയര്‍ത്തിക്കൊണ്ടുവരികയാണ്. കുട്ടികള്‍ പരിമിതികളെ സാധ്യതകളായി കണ്ട് വളരേണ്ടത് അനിവാര്യമാണെന്ന് ‘പൊക്കമില്ലായ്മ ആണെന്‍റെ പൊക്കം’ എന്ന കുഞ്ഞുണ്ണി മാഷിന്‍റെ വരികളെ ഉദ്ധരിച്ച് മന്ത്രി അഭിപ്രായപ്പെട്ടു.
കുട്ടികള്‍ക്ക് ഗുണമേന്‍മയേറിയ വിദ്യാഭ്യാസവും സൗജന്യ ഭക്ഷണവും ഉറപ്പുവരുത്തേണ്ടതുണ്ട്. ദിശാബോധം നല്‍കി നല്ല തലമുറയായി കുട്ടികളെ വളര്‍ത്തിയെടുക്കണം. കുട്ടികളെ മികവുറ്റവരാക്കുന്നതില്‍ വിദ്യാഭ്യാസ നയത്തിന് പ്രാധാന്യം ഉണ്ട്. അഭിരുചികള്‍ മനസിലാക്കി നിരന്തരം നവീകരണത്തിന് വിധേയരാകണം. ലോകം നേടിയ സര്‍വതല സ്പര്‍ശിയായ നേട്ടങ്ങളെ കുട്ടികള്‍ക്ക് ലഭ്യമാക്കി നവകേരളം സൃഷ്ടിക്കാനാകും. കുട്ടികളുടെ സര്‍ഗശേഷി പ്രദര്‍ശിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഹാപ്പിനെസ് ഫെസ്റ്റ് പോലുള്ള വേദികള്‍ ഇത്തരം കുട്ടികള്‍ക്ക് ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ജീവിക്കാനുള്ള കരുത്താണ് പകരുന്നതെന്നും മന്ത്രി പറഞ്ഞു.