കീവ്: റഷ്യ-യുക്രെയിന്‍ സംഘര്‍ഷത്തിനിടെ കഴിഞ്ഞ ദിവസം പോളണ്ട് അതിര്‍ത്തിയില്‍ മിസൈല്‍ വീണ് രണ്ടുപേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ വിശദീകരണവുമായി പോളണ്ട് പ്രസിഡന്‍റും നാറ്റോയും.റഷ്യയുടെ കനത്ത മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ യുക്രെയിന്‍ തൊടുത്ത അവരുടെ മിസൈല്‍ പ്രതിരോധ സംവിധാനമാണ് സ്ഫോടനത്തിനിടയായതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുക്രെയിന്‍ പ്രദേശങ്ങള്‍ പ്രതിരോധിക്കാനുളള ഭരണകൂട ശ്രമങ്ങളെ വിലകുറച്ച് കാണാനാവില്ലെന്ന നിലപാടാണ് നാറ്രോയ്ക്ക്.
നൂറോളം മിസൈലുകളുപയോഗിച്ചുളള റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ നിര്‍ഭാഗ്യകരമായ സംഭവമാണിതെന്നും രാജ്യത്തിന് നേരെയുണ്ടായ ആക്രമണമല്ലെന്നുമാണ് പോളണ്ട് പ്രസിഡന്‍റ് ആന്‍ഡ്രേ ഡ്യൂഡ അറിയിച്ചത്. റഷ്യ അയച്ച മിസൈലാണെന്നതിന് തെളിവില്ലെന്നും എന്നാല്‍ യുക്രെയിന്‍റെ ആന്‍റി മിസൈല്‍ ഡിഫന്‍സ് സംവിധാനമാണെന്നതിന് തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാറ്റോ സഖ്യകക്ഷിയെ ആക്രമിക്കാന്‍ റഷ്യ ശ്രമിക്കുമെന്നതിന്‍റെ തെളിവൊന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പോളണ്ടിലെ പ്രിസിവോഡോവ് ഗ്രാമത്തിലാണ് യുക്രെയിന്‍ അയച്ച ആന്‍റി മിസൈല്‍ ഡിഫെന്‍സ് സംവിധാനം തകര്‍ന്നത്. നാറ്റോയും റഷ്യയും തമ്മില്‍ എതിരിടേണ്ട സാഹചര്യമില്ലെന്നാണ് നാറ്റോയും വ്യക്തമാക്കിയത്. ആക്രമണത്തെ തുടര്‍ന്ന് ജി20 ഉച്ചകോടിയ്ക്കിടെ ജി7 രാഷ്ട്ര നേതാക്കള്‍ കഴിഞ്ഞ ദിവസം അടിയന്തര വട്ടമേശ സമ്മേളനം കൂടിയിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ നേതൃത്വത്തിലായിരുന്നു യോഗം.