വെള്ളറട: ആര്യങ്കോട് പോലീസ് സ്റ്റേഷനിലേക്ക് ബൈക്കിലെത്തിയ യുവാക്കള്‍ പെട്രോള്‍ ബോംബ് വലിച്ചെറിഞ്ഞു. പരാതിക്കാരുടെ തിരക്കും സ്റ്റേഷനില്‍ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഉണ്ടായിരുന്ന സമയത്താണ് സ്റ്റേഷനിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞത്.
പെട്രോള്‍ ബോംബ് വീണ് പൊട്ടിയ ഭാഗത്തേക്ക് തീ പടര്‍ന്നിരുന്നെങ്കില്‍ സ്റ്റേഷന് പരിസരത്ത് വലിയ അപകടം ഉണ്ടാകുമായിരുന്നു.
പുറത്തുകേട്ട ശബ്ദം ബൈക്കപകടമുണ്ടായതിന്റേതാണ് എന്നാണ് സ്റ്റേഷനകത്തുണ്ടായിരുന്നവര് ആദ്യം കരുതിയത്. എന്നാല്‍ ഉടനെ പുറത്തേക്കിറങ്ങി നോക്കിയപ്പോഴാണ് എറിഞ്ഞതു പെട്രോള്‍ ബോംബ് ആണെന്ന് കണ്ടത്. ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ കൈവശമുണ്ടായിരുന്ന പെട്രോള്‍ നിറച്ച കുപ്പികള്‍ സ്റ്റേഷനിലേക്കു വലിച്ചെറിയുകയായിരുന്നു. ആര്യങ്കോട് പഞ്ചായത്ത് പ്രദേശത്ത് കഞ്ചാവു വില്പന സംഘങ്ങള്‍ വ്യാപകമാകുന്നുണ്ടെന്നും അത്തരത്തിലുള്ള സംഘങ്ങളാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.