ന്യൂഡല്‍ഹി: ജെ.ഡി.യു അധ്യക്ഷന്‍ നിതീഷ് കുമാറിന്‍റെ എന്‍.ഡി.എ പ്രവേശനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. പോയവര്‍ പോകട്ടെയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി പോരാടും. ജെ.ഡി.യു പോകുമെന്ന് നേരത്തെ അറിയാമായിരുന്നു. ഇന്ത്യ സഖ്യം തകരാതിരിക്കാനാണ് നിശബ്ദത പാലിച്ചതെന്നും ഖാര്‍ഗെ പറഞ്ഞു. അതേസമയം നിതീഷിന്‍റെ റാലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചില്ല. രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ബിഹാറില്‍ പ്രവേശിക്കാനിരിക്കെയാണ് നിതീഷ് കുമാറിന്‍റെ കൂടുമാറ്റവും തുടര്‍ന്നുള്ള രാഷ്ട്രീയ നീക്കങ്ങളും.
ജയറാം രമേശും നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. രാഷ്ട്രീയ നേട്ടത്തിനായി നിരന്തരം മുന്നണി മാറുന്ന നിതീഷ് കുമാര്‍ നിറം മാറ്റത്തില്‍ ഓന്തുകള്‍ക്ക് വെല്ലുവിളിയാണെന്ന് ജയറാം രമേശ്. അവസാനം വരെ ബി.ജെ.പിക്കെതിരെ പോരാടാന്‍ നിതീഷ് കുമാറിനെ പരിഗണിച്ചിരുന്നുവെന്ന് ജയറാം രമേശ് പറഞ്ഞു. യോഗങ്ങളിലെല്ലാം നിതീഷ് പ്രധാന പങ്കുവഹിച്ചിരുന്നു. അതിനാല്‍ ബി.ജെ.പിക്കും അവരുടെ പ്രത്യയശാസ്ത്രത്തിനുമെതിരെ അവസാനം വരെ പോരാടാന്‍ നിതീഷ് ഉണ്ടാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. എന്നായിരുന്നു ജയറാം രമേശിന്‍റെ പ്രതികരണം.
ഇന്ത്യ മുന്നണി ശക്തമാണ്. അതിന്‍റെ വേഗതയെ ത്വരിതപ്പെടുത്തുന്ന ചിലര്‍ ഇവിടെയും അവിടെയും ഉണ്ടാകും. എന്നാല്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി ബി.ജെ.പിക്കെതിരെ പോരാടും. ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും ജയറാം രമേശ് പറഞ്ഞു.