ബംഗളുരു : പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി കര്‍ണാടക ഹൈക്കോടതി ശരിവച്ചു. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ഇടപെടാന്‍ കാരണം കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ്.പോപ്പുലര്‍ ഫ്രണ്ട് നേതാവ് നാസിര്‍ പാഷ നല്‍കിയ ഹര്‍ജി കോടതി തള്ളി.
സെപ്തംബര്‍ 28നാണ് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടത്. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു, ഭീകരവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.
വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചത്.നിരോധനം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ കാരണങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ടെന്നും ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ഇത് അംഗീകരിച്ചു കൊണ്ട് ജസ്റ്റിസ് എം. നാഗപ്രസന്ന ഹര്‍ജി തള്ളുകയായിരുന്നു.