എട്ടു അനുബന്ധ സംഘടനകളും നിരോധനത്തില്‍
ന്യൂഡല്‍ഹി : പോപ്പുലര്‍ ഫ്രണ്ടിനെയും എട്ടു അനുബന്ധ സംഘടനകളെയും അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. യു എ പി എ പ്രകാരം നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചാണ് നടപടി.പി എഫ് ഐയില്‍ പ്രവര്‍ത്തിക്കുന്നത് രണ്ടുവര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട്, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍,നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍,നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്,എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍,റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നിവയാണ്നിരോധിക്കപ്പെട്ട മറ്റു സംഘടനകള്‍. യുപി, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം പി എഫ് ഐ യുമായി ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐ യെ നിരോധിച്ചിട്ടില്ല. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നിരോധനമെന്നും രാജ്യത്തിന്‍റെ ഭരണഘടനയെയും ജനാധിപത്യ സങ്കല്‍പ്പങ്ങളെയും തകിടംമറിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളും അജണ്ടകളും പി എഫ് ഐ ക്കുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു.
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ സംസ്ഥാനങ്ങളോട് തുടര്‍ നടപടിക്ക് കേന്ദ്രം നിര്‍ദേശിച്ചു. നിരോധിച്ച സംഘടനകളുടെ ഓഫീസുകള്‍ പൂട്ടി മുദ്ര വയ്ക്കും. ആസ്തികള്‍ കണ്ടുകെട്ടും. പേരുമാറ്റിയോ മറ്റേതെങ്കിലും തരത്തിലോ പ്രവര്‍ത്തനം തുടരുന്നുണ്ടോ എന്നും നിരീക്ഷിക്കും. നിരോധനത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിരോധന വിജ്ഞാപനത്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും നടപടിക്ക് നിര്‍ദേശം നല്‍കിയത്. നിരോധിച്ച 9 സംഘടനകളുടെയും ഓഫീസുകള്‍ പൂട്ടി മുദ്ര വയ്ക്കാനും സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടുകെട്ടാനുമാണ് നിര്‍ദ്ദേശം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സംസ്ഥാനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ട് അടക്കം നിരോധിച്ച സംഘടനകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചെന്ന് കണ്ടെത്തിയ ഓഫീസുകളുടെയും മറ്റ് വസ്തുവകകളുടേയും പട്ടിക കളക്ടര്‍മാര്‍ തയ്യാറാക്കി മുദ്രവയ്ക്കണം. ഇവ തുടര്‍ന്ന് ഉപയോഗിക്കാന്‍ അനുവദിക്കില്ല. എല്ലാ തരത്തിലുള്ള പ്രചാരണ പരിപാടികളും നിരോധിക്കും. കളക്ടറുടെ അനുമതി കൂടാതെ കണ്ടുകെട്ടിയ കെട്ടിടങ്ങളില്‍ പ്രവേശിച്ചാല്‍ അറസ്റ്റടക്കമുള്ള നടപടികളുണ്ടാകും.
അതേസമയം നിരോധനത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും സുരക്ഷാ വിന്യാസം ശക്തമാക്കി. സംസ്ഥാന പൊലീസുമായി ചേര്‍ന്നാണ് നടപടികള്‍. നിരോധിക്കപ്പെട്ട സംഘടനയില്‍ നിന്ന് നേരത്തെ ഭീഷണിയുള്ളവര്‍ക്ക് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഡല്‍ഹി ഷഹീന്‍ബാഗിലെ ഓഫീസ് പരിസരത്ത് ഡ്രോണുപയോഗിച്ചുള്ള നിരീക്ഷണം തുടങ്ങി. ഉത്തര്‍പ്രദേശ്, അസം, കൊല്‍ക്കത്ത തുടങ്ങിയ സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള മേഖലകളില്‍ കേന്ദ്രസേനകളെ അടക്കം വിന്യസിച്ചു. കേരളത്തില്‍ ആലുവയില്‍ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.അതിനിടെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ അറിയിച്ചു.മഹത്തായ നമ്മുടെ രാജ്യത്തിന്‍റെ നിയമം അനുസരിക്കുന്ന പൗരന്മാര്‍ എന്ന നിലയിലാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.