പാലക്കാട്: മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് നാട്ടുകാര്‍ കസ്റ്റഡിയില്‍.കാട്ടുപന്നികളെ തുരത്തുന്നതിനായി പാടത്ത് വൈദ്യുതക്കെണി വച്ചിരുന്നതായി ഇവര്‍ പൊലീസിന് മൊഴി നല്‍കി. ഇന്ന് വൈകിട്ടോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.രാവിലെ രണ്ടു പേരെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടുവെന്നും പിന്നാലെ കെണി സ്ഥലത്തുനിന്ന് മാറ്റിയെന്നും ഇവര്‍ മൊഴി നല്‍കി. മൃതദേഹങ്ങള്‍ രണ്ടിടത്തായി കൊണ്ടിടുകയായിരുന്നെന്നും ചോദ്യം ചെയ്യലില്‍ ഇവര്‍ വെളിപ്പെടുത്തി.
രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്തു വരികയാണ്.ഹവില്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞദിവസം രാത്രിമുതല്‍ കാണാനില്ലായിരുന്നു. ഇന്ന് രാവിലെയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊള്ളലേറ്റ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനാല്‍ ഷോക്കേറ്റ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാല്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് ഷോക്കേല്‍ക്കാനുള്ള സാദ്ധ്യത തീരെയില്ലെന്ന് പ്രദേശവാസികള്‍ ഉള്‍പ്പടെ പറഞ്ഞിരുന്നു.ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.