ന്യൂഡല്‍ഹി: കോടതിക്കു പുറത്തുവച്ചു നടത്തുന്ന കുറ്റസമ്മതം ദുര്‍ബലമായ തെളിവുമാത്രമായേ കണക്കാക്കാനാവൂവെന്ന് സുപ്രീം കോടതി.അതിനെ പിന്തുണയ്ക്കുന്ന ശക്തമായ മറ്റു തെളിവുകള്‍ ആവശ്യമാണെന്ന്, കൊലക്കേസില്‍ പ്രതിയെ വെറുതെവിട്ടുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി.കോടതിക്കു പുറത്തുവച്ചു നടത്തുന്ന കുറ്റസമ്മതം സ്വമേധയാ നടത്തുന്നതാണെന്നും സത്യസന്ധമാണെന്നും തെളിയിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. ഇത്തരം കുറ്റസമ്മതം ദുര്‍ബലമായ തെളിവാണ്, വിചാരണവേളയില്‍ അതു നിഷേധിച്ചിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ചും- ജസ്റ്റിസുമാരായ ബി ആര്‍ ഗവായിയും വിക്രം നാഥും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
ത്രിപുര ഹൈക്കോടതി വിധിക്കെതിരെ കൊലക്കേസ് പ്രതിയായ ഇന്ദ്രജിത് ദാസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. കൊലക്കേസില്‍ വിചാരണക്കോടതി ദാസിനു ജീവപര്യന്തം തടവു വിധിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതു ചോദ്യം ചെയ്താണ് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
കൗശിക് സര്‍ക്കാര്‍ എന്നയാളെ കൊലപ്പെടുത്തിയതായി ദാസും മറ്റൊരു പ്രായപൂര്‍ത്തിയാവാത്ത പ്രതിയും സമ്മതിച്ചെന്നാണ് പൊലീസ് വാദം. സര്‍ക്കാരിനെ കത്തികൊണ്ടു കുത്തി കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ വലിച്ചെറിഞ്ഞെന്നാണ് ഇരുവരും മൊഴി നല്‍കിയത്. എന്നാല്‍ പൊലീസിനു മുന്നില്‍ നല്‍കിയ കുറ്റസമ്മത മൊഴി സ്ഥാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഈ കേസില്‍ ഇല്ലെന്ന് സുപ്രീം കോടതി വിലയിരുത്തി.
കുറ്റകൃത്യത്തില്‍ സാഹചര്യവും ഉദ്ദേശ്യവും പ്രധാനമാണ്. ഈ കേസില്‍ ഇതു രണ്ടും സ്ഥാപിക്കാന്‍ അന്വേഷണത്തില്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു.