പൊതുജനാരോഗ്യ ഗുണനിലവാര വര്‍ധനയ്ക്ക് പ്രത്യേക ശ്രദ്ധ: മന്ത്രി വീണാ ജോര്‍ജ്

Latest News

തിരുവനന്തപുരം : നവകേരളം കര്‍മ്മ പദ്ധതി രണ്ടിന്‍റെ ഭാഗമായി ആര്‍ദ്രം മിഷന്‍ മുഖേന ഗുണനിലവാര വര്‍ധനയ്ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പൊതുജനാരോഗ്യം, ചികിത്സ, സര്‍ക്കാര്‍ സേവനം എന്നിവയിലെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു ലോകാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാര്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.നവകേരളം കര്‍മ്മപദ്ധതി രണ്ടിന്‍റെ ഭാഗമായി സബ് സെന്‍ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. 5413 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഇതിന്‍റെ ഭാഗമായി സ്ഥാപിക്കും. ഇതിന്‍റെ ഭാഗമായി ജനകീയ ക്ലബ്ബുകള്‍ സ്ഥാപിക്കും. ജനകീയ ക്ലബ്ബുകളിലൂടെ പ്രദേശത്തെ ആളുകളുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിച്ച് ചികിത്സ ഉറപ്പാക്കും. ജനകീയ പങ്കാളിത്തത്തോടെയുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ നടക്കുക എന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിലവില്‍ കോവിഡ് കേസുകള്‍ ഉയരുന്നുണ്ടെന്നും എന്നാല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ കുറവാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇക്കാര്യം സൂക്ഷ്മതയോടെയും ജാഗ്രതയോടെയും ആണ് ആരോഗ്യവകുപ്പ് കാണുന്നത്. ഗര്‍ഭിണികള്‍, കിടപ്പ് രോഗികള്‍, കുഞ്ഞുങ്ങള്‍, ജീവിതശൈലി രോഗമുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേകം ശ്രദ്ധയും കരുതലും വേണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ റീന കെ. ജെ., വലിയശാല ഡിവിഷന്‍ കൗണ്‍സിലര്‍ കൃഷ്ണകുമാര്‍ എസ്., അഡിഷണല്‍ ഡയറക്ടര്‍ മെഡിക്കല്‍ ഡോ. കെ.വി നന്ദകുമാര്‍, അഡിഷണല്‍ ഡയറക്ടര്‍ കുടുംബക്ഷേമം ഡോ. മീനാക്ഷി വി., തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, അഡിഷണല്‍ ഡിഎംഒ ഡോ. അനില്‍കുമാര്‍ എല്‍., അഡീഷണല്‍ ഡിഎംഒ ഡോ. സി.ആര്‍. ജയശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *