തിരുവനന്തപുരം: സംസ്ഥാനത്ത് ഉപയോഗിക്കുന്ന പേവിഷ വാക്സിനുകളുടെ ഗുണനിലവാരം വിദഗ്ധസമിതിയെക്കൊണ്ട് പരിശോധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു.വാക്സിനുകളുടെ ഗുണനിലവാരത്തില്‍ കുഴപ്പമില്ലെന്നും പൂര്‍ണമായും ഉറപ്പാക്കിയാണ് വാങ്ങിയതെന്നും വിശദീകരിച്ച മന്ത്രി വീണാ ജോര്‍ജിനെ തിരുത്തിയാണ് മുഖ്യമന്ത്രിയുടെ മറുപടി. ഗുണനിലവാരം ഉറപ്പാക്കാത്ത വാക്സിനുകള്‍ വാങ്ങിയതാണ് മരണം വര്‍ധിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. വിഷയത്തില്‍ പി.കെ. ബഷീര്‍ ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസില്‍ മുഖ്യമന്ത്രിയുടെ മറുപടി സ്വാഗതം ചെയ്ത പ്രതിപക്ഷം ഇറങ്ങിപ്പോക്ക് ഒഴിവാക്കി.വാക്സിന് എടുത്തിട്ടും മരണങ്ങളുണ്ടായത് ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. വാക്സിനെക്കുറിച്ച് പരിശോധിക്കുന്ന വിദഗ്ധസമിതിയെ ആരോഗ്യവകുപ്പ് നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരുവുനായ്ക്കള്‍ക്കും വീടുകളില്‍ വളര്‍ത്തുന്ന എല്ലാ മൃഗങ്ങള്‍ക്കും പേവിഷത്തിനെതിരായ വാക്സിനുകള്‍ നല്‍കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. കോവിഡ് വന്നശേഷം രണ്ടുവര്‍ഷമായി പുതുതായി വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് വാക്സിനുകള്‍ നല്‍കാനായിട്ടില്ല. അത് ഊര്‍ജിതമാക്കുമെന്നും ആവശ്യമുള്ള വാക്സിന് മൃഗസംരക്ഷണ വകുപ്പ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ഇക്കൊല്ലം ഇതുവരെ പേവിഷ ബാധമൂലം 20 മരണം ഉണ്ടായതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 15 പേരും വാക്സിന് എടുത്തിരുന്നില്ല. ഒരാള്‍ ഭാഗികമായാണ് വാക്സിന് എടുത്തത്. ബാക്കി നാലുപേരും വാക്സിന് എടുത്തെങ്കിലും മരിച്ചു. നാഡീവ്യൂഹങ്ങള്‍ കൂടുതലുള്ള വിരലുകളിലും തലച്ചോറുമായി ഏറെ ബന്ധപ്പെടുന്ന മുഖം, കഴുത്ത് എന്നിവിടങ്ങളിലും ഉണ്ടായ കടിമൂലമാണ് നാലുപേര്‍ മരിക്കാനിടയായതെന്നാണ് വിദഗ്ധര്‍ പറയുന്നത്. വാക്സിന് പ്രവര്‍ത്തിച്ചുതുടങ്ങുന്നതിനു മുമ്ബു തന്നെ വൈറസുകള്‍ തലച്ചോറില്‍ എത്തി. വാക്സിനുകള്‍ക്ക് പ്രവര്‍ത്തിച്ചുതുടങ്ങാന്‍ രണ്ടാഴ്ച വേണം.