തിരുവനന്തപുരം : പേവിഷ നിര്‍മാര്‍ജനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്നും ഇതിന്‍റെ ഭാഗമായി വളര്‍ത്തുനായ്ക്കളില്‍രണ്ട് ലക്ഷം പേവിഷ പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കിയതായും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പത്രസമ്മേളനത്തില്‍ അറിയിച്ചു.സെപ്റ്റംബര്‍ മാസം പേവിഷ പ്രതിരോധ മാസമായാണ് ആചരിക്കുന്നത്.മൃഗസംരക്ഷണവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍വാര്‍ഡ് തലത്തില്‍ ക്യാംപുകള്‍ സംഘടിപ്പിച്ച് വളര്‍ത്തു നായ്ക്കള്‍ക്ക് റാബീസ് ഫ്രീ കേരള പദ്ധതി പ്രകാരം പ്രതിരോധകുത്തിവെയ്പ്പ് നടത്തി വരികയാണ്.
വളര്‍ത്തു നായ്ക്കള്‍ക്ക് നിര്‍ബന്ധിത പേവിഷ പ്രതിരോധ കുത്തിവെപ്പും ലൈസന്‍സും നിര്‍ബന്ധമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന്‍റെ കൈവശമുള്ള ആറുലക്ഷം ഡോസ് വാക്സിനുകള്‍ എല്ലാ മൃഗാശുപത്രികള്‍ക്കും കൈമാറിയിട്ടുണ്ട്. ഇനിയും നാല് ലക്ഷത്തോളം വാക്സിനുകളാണ് ജില്ലകളില്‍ നിന്നും ആവശ്യപ്പെട്ടിട്ടുള്ളത്.
ഇവ വാങ്ങി നല്‍കുന്നതിന് നടപടികളാരംഭിച്ചു. സെപ്റ്റംബര്‍ 30 ന് മുന്‍പ് ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ തെരുവ് നായ്ക്കള്‍ക്കു പേവിഷ പ്രതിരോധ കുത്തിവെപ്പുകള്‍ സെപ്റ്റംബര്‍ 20 മുതല്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഇതിനുവേണ്ടി 170 ഹോട്ട്സ്പോട്ടുകള്‍ മൃഗസംരക്ഷണവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സൗജന്യമായി വാക്സിന്‍ മൃഗസംരക്ഷണ വകുപ്പ് വിതരണം ചെയ്യും. ഡോഗ് ക്യാച്ചര്‍മാര്‍, വാഹനം എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കും. സംസ്ഥാന തലത്തില്‍ നിലവില്‍ 78 ഡോക്ടര്‍മാരെ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് വകുപ്പിന്‍റെ പരിശീലന കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കുന്നതിന് പ്രാദേശികതലത്തില്‍ ആനിമല്‍ ഷെല്‍ട്ടര്‍ ആ രംഭിക്കുന്നതിനും നടപടി സ്വീകരിച്ചു. തെരുവ് നായ്ക്കളെ വന്ധ്യംകരണം നടത്തുന്നതിന് കുടുംബശ്രീക്ക് കോടതി അനുമതി നിഷേധിച്ച സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ആശുപത്രികളില്‍ അടിസ്ഥാന സൗകര്യമൊരുക്കി കൊണ്ടും കരാറടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും നിയോഗിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കും.
ഓരോ എ ബി സി യൂണിറ്റിലെയും പരിധിയില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റികള്‍ കോര്‍പ്പറേഷനുകള്‍ എന്നിവ തങ്ങളുടെ പ്രദേശത്തെ തെരുവുനായ്ക്കളുടെ എണ്ണത്തിനനുസരിച്ചുള്ള തുക പദ്ധതിയിലുള്‍പ്പെടുത്തി പ്രോജക്റ്റ് സമര്‍പ്പിക്കേണ്ടതാണ്. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിന് എ ബി സി ഡോഗ് റൂള്‍ നിയമപ്രകാരമുള്ള ഒരു മോണിറ്ററിംഗ് സമിതി ഓരോ എ ബി സി യൂണിറ്റിലും പ്രവര്‍ത്തിക്കും.