തിരുവനന്തപുരം: നയപ്രഖ്യാപന വിവാദത്തില്‍ ഗവര്‍ണറോട് സ്വീകരിച്ച അനുനയ സമീപനത്തില്‍നിന്ന് വ്യത്യസ്തമായി മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫിന്‍റെ പെന്‍ഷന്‍ സമ്പ്രദായത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനിച്ച് സര്‍ക്കാറും സി.പി.എമ്മും.അതേസമയം ഗവര്‍ണറുമായി സംഘര്‍ഷം ഉണ്ടാക്കാനല്ല സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന സന്ദേശവും സി.പി.എം നല്‍കി. ‘ഗവര്‍ണര്‍ പറഞ്ഞതുകൊണ്ട് മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ സമ്പ്രദായം മാറ്റാന്‍ പോകുന്നില്ലെന്ന്’ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അര്‍ഥശങ്കക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കി.ഗവര്‍ണറുടെ ഭരണഘടനാനുസൃതമായ അധികാരങ്ങള്‍ അംഗീകരിക്കുമ്പോഴും എക്സിക്യൂട്ടിവിന്‍റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റം അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് പാര്‍ട്ടിക്ക്. ‘ഗവര്‍ണര്‍ക്ക് ഒരു വിഷയത്തില്‍ സര്‍ക്കാറിനോട് അഭിപ്രായം ചോദിക്കാന്‍ അവകാശമുണ്ട്.വസ്തുത മനസ്സിലാക്കാന്‍ ചോദിക്കുന്നതില്‍ തെറ്റില്ല. മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ എന്നത് മാറി വന്ന എല്ലാ സര്‍ക്കാറുകളും അംഗീകരിച്ചതാണ്. 1984 മുതല്‍ പെന്‍ഷന്‍ സമ്പ്രദായം നിലവിലുണ്ട്. യു.ഡി.എഫ് തുടങ്ങിയ പെന്‍ഷന്‍ എല്‍.ഡി.എഫ് തുടര്‍ന്നു. അത് നിര്‍ത്തില്ല.നിയമിക്കുന്ന പേഴ്സനല്‍ സ്റ്റാഫുകളെ രണ്ടുവര്‍ഷം കഴിഞ്ഞയുടന്‍ മാറ്റിനിയമിക്കുമെന്ന് പറയുന്നത് തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം’കോടിയേരി പറഞ്ഞു. പെന്‍ഷന്‍ വിഷയത്തില്‍ താന്‍ ഒരുമാസം കാത്തിരിക്കുമെന്ന ഗവര്‍ണറുടെ പരാമര്‍ശത്തിന് ‘നമുക്കും കാത്തിരിക്കാ’മെന്ന് പ്രതികരിച്ച കോടിയേരി സി.പി.എമ്മിന്‍റെ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി.