. എലൂര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിലേക്ക് ചത്തുപൊന്തിയ മീനുകള്‍ എറിഞ്ഞു
. ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി മന്ത്രി പി.രാജീവ്
കൊച്ചി: പെരിയാറില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ ഏലൂര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് മുന്നില്‍ പ്രതിഷേധം. മത്സ്യകര്‍ഷകരും നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരുമാണ് പ്രതിഷേധിച്ചത്. പെരിയാറിലെ മത്സ്യക്കുരുതിയില്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മലീനികരണ നിയന്ത്രണബോര്‍ഡ് ഓഫീസിനുള്ളിലേക്ക് പ്രതിഷേധക്കാര്‍ ചത്തുപൊന്തിയ മീനുകള്‍ എറിഞ്ഞു.കുട്ടകളിലും ബക്കറ്റുകളിലും ചത്ത മീനുകളെ നിറച്ച് അവയെ ഓഫീസിനുള്ളിലേക്ക് എറിഞ്ഞുകൊണ്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. അടുത്ത മാസം വിളവെടുക്കാന്‍ പാകമായ മീനുകളാണ്ചത്തുപൊന്തിയിരിക്കുന്നത്. മീന്‍വളര്‍ത്തുന്നവരും പിടിക്കുന്നവരും എല്ലാവരും ദുരവസ്ഥയിലാണ്.പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുന്നതിന് സ്ഥലത്തെത്തിയ മലിനീകരണ നിയന്ത്രണബോര്‍ഡ് ചീഫ്എന്‍ജിനീയറുടെ വാഹനവും പ്രതിഷേധക്കാര്‍ തടഞ്ഞു. എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസടക്കമുള്ളവര്‍ പ്രതിഷേധത്തിനെത്തി.
പൊലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഏലൂരിലെ കമ്പനികള്‍ പുഴയിലേക്ക് രാസമാലിന്യം തള്ളുന്നത് ആദ്യത്തെ സംഭവമല്ലെന്നും ഇത് അനുവദിച്ചുകൊടുക്കുന്നത് തടയാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്നും മുഹമ്മദ് ഷിയാസ് കുറ്റപ്പെടുത്തി. അതേസമയം സംഭവത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി പി.രാജീവ് പ്രതികരിച്ചു. അസിസ്റ്റന്‍റ് കളക്ടറുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചൊവ്വാഴ്ച വിഷജലമൊഴുക്കിയതിനെ തുടര്‍ന്നാണ് പെരിയാറിലെയും പരിസരജലാശയങ്ങളിലെയും മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. പുഴകളില്‍ സ്ഥാപിച്ചിട്ടുള്ള മത്സ്യക്കൂടുകളിലേക്ക് വിഷജലം കയറിയതോടെ ഇതിലെ മത്സ്യങ്ങളും ചത്തു.ഇരുന്നൂറിലധികം മത്സ്യക്കൂടുകളാണ് പെരിയാറിലും സമീപത്തുമുള്ള കൈവഴികളിലും ഉള്ളത്. മീന്‍ വളര്‍ത്തുന്ന ഫാമുകളിലേക്കും പാടങ്ങളിലേക്കും വിഷജലമെത്തി.ഇവിടെയും ലക്ഷക്കണക്കിന് രൂപയുടെ മത്സ്യ സമ്പത്ത് നശിച്ചു. മത്സ്യകൃഷിക്കാര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.