ഭാര്യയേയും മക്കളേയും ഗുഡ്സ് ഓട്ടോറിക്ഷയില്‍ കയറ്റി തീ കൊളുത്തിയതായി പ്രാഥമിക നിഗമനം
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഗുഡ്സ് ഓട്ടോറിക്ഷക്ക് തീ പിടിച്ച് മൂന്ന് പേര്‍ മരിച്ചു. പെരിന്തല്‍മണ്ണക്കടുത്ത് ആക്കപ്പറമ്പില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. മുഹമ്മദ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ (11) എന്നിവരാണ് മരിച്ചത്. ഇവരുടെ അഞ്ചു വയസ്സുള്ള ഷിഫാന (5)യെ പൊള്ളലോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.സംഭവം ആസൂത്രിതമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
സ്ഫോടകവസ്തു നിറച്ച ഗുഡ്സിലേക്ക് ഭാര്യയെയും മക്കളെയും കയറ്റിയശേഷം മുഹമ്മദ് സ്ഫോടനം നടത്തുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. രണ്ടുതവണയാണ് സ്ഫോടനമുണ്ടായത്. വാഹനം പൂര്‍ണമായും നശിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കാസര്‍കോടാണ് മുഹമ്മദ് ജോലിചെയ്തിരുന്നത്. ഇയാളും ഭാര്യയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. അതിനാല്‍ കുറച്ചുനാളായി ഇവര്‍ അകന്നാണ് കഴിഞ്ഞിരുന്നത്. പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത് ഭാര്യയെയും മക്കളെയും വീട്ടിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേനയാണ് ഇയാള്‍ എത്തിയത്. ഇയാള്‍ ഭാര്യയേയും മക്കളേയും അടുത്തുള്ള റബ്ബര്‍ തോട്ടത്തിന് സമീപത്തേക്ക് ഫോണ്‍ ചെയ്തു വിളിച്ചു വരുത്തുകയുമായിരുന്നുവെന്നാണ് വിവരം. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നേരത്തേ വാഹനത്തില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചിരുന്നു.വാഹനത്തില്‍ ഭാര്യയും മക്കളും കയറിയതോടെ ഡോര്‍ ലോക്കുചെയ്യുകയും സ്ഫോടക വസ്തുക്കള്‍ക്ക് തീ കൊടുക്കുകയായിരുന്നു. സ്ഫോടനത്തെത്തുടര്‍ന്ന് ശരീരത്തിന് തീപിടിച്ചപ്പോള്‍ മരണവെപ്രാളത്തില്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടിയ മുഹമ്മദ് തൊട്ടടുത്തുണ്ടായിരുന്ന കിണറ്റിലേക്ക് ചാടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഹമ്മദ് തീ കൊളുത്തുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന ജാസ്മിന്‍റെ സഹോദരിമാരില്‍ ഒരാള്‍ വാഹനത്തില്‍ നിന്ന് ഒരു കുട്ടിയെ വലിച്ച് പുറത്തിടുകയായിരുന്നു. ഈ കുട്ടിയാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. വലിയ സ്ഫോടന ശബ്ദത്തോടെയാണ് വാഹനം കത്തിയത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ ഇവര്‍ വെള്ളമൊഴിച്ച് തീകെടുത്താന്‍ നോക്കിയെങ്കിലും വീണ്ടും സ്ഫോടനം ഉണ്ടായി. ഇതോടെ അവര്‍ ഭയന്ന് പിന്‍വാങ്ങി. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. അരമണിക്കൂറോളമാണ് വാഹനം നിന്നു കത്തിയത്. മുഹമ്മദ് പോക്സോ കേസിലെ പ്രതിയാണെന്നും റിപ്പോര്‍ട്ടുണ്ട്.