കൊച്ചി: പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ തപാല്‍ സാമഗ്രികള്‍ ഹൈക്കോടതി തുറന്ന് പരിശോധിച്ചു. വോട്ട്പെട്ടികളില്‍ രണ്ടെണ്ണത്തില്‍ റിട്ടേണിങ് ഓഫീസറുടെ ഒപ്പില്ലെന്ന് കണ്ടെത്തി.ഇതോടെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തി.ചിതറിക്കിടന്ന രേഖകള്‍ പെട്ടിയിലാക്കി കൊണ്ടുവന്നതാണെന്ന് കോടതി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പിലെ ഇത്തരം സംഭവങ്ങള്‍ അപചയത്തിന്‍റെ സൂചനയാണെന്നും കോടതി പറഞ്ഞു.
വോട്ടുപെട്ടികള്‍ കാണാതായ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടികളെടുക്കാമെന്നും കോടതി വ്യക്തമാക്കി. പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ് സുപ്രീംകോടതിയും പരിഗണിക്കുന്നുണ്ട്. തിങ്കളാഴ്ചയാണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഇതിന്‍റെയും നടപടികള്‍ അറിഞ്ഞ ശേഷം കേസില്‍ വാദം കേള്‍ക്കാമെന്നും കോടതി പറഞ്ഞു. തുറന്ന പെട്ടികള്‍ വീണ്ടും സീല്‍ ചെയ്ത് സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
ബാലറ്റ് പെട്ടി കാണാതായ സംഭവത്തില്‍ കോടതിയുടെയോ തെരഞ്ഞെടുപ്പ് കമീഷന്‍റെയോ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന നജീബ് കാന്തപുരം എം.എല്‍.എയുടെ ഹരജിയിലാണ് തപാല്‍ സാമഗ്രികള്‍ ഹൈകോടതി ഇന്നലെ തുറന്ന് പരിശോധിച്ചത്.