പെന്‍ഷന്‍ പ്രായം 57 ആക്കണം, എയ്ഡഡ് നിയമനം നിയന്ത്രിക്കണം: ശമ്പള കമ്മീഷന്‍ ശിപാര്‍ശ

Kerala

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 ആക്കി വര്‍ധിപ്പിക്കണമെന്ന് ശമ്പളപരിഷ്കരണ കമ്മീഷന്‍ ശിപാര്‍ശ. കഴിഞ്ഞ ദിവസമാണ് കമ്മീഷന്‍ ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.
എയ്ഡഡ് നിയമനങ്ങളില്‍ സര്‍ക്കാരിന്‍റെ ഇടപെടല്‍ വേണമെന്നും റിക്രൂട്ട്മെന്‍റ് ബോര്‍ഡ് വേണമെന്നും ശിപാര്‍ശയില്‍ പറയുന്നു. റിക്രൂട്ട്മെന്‍റ് ബോര്‍ഡില്‍ മാനേജ്മെന്‍റുകള്‍ക്കുള്ള പൂര്‍ണ അധികാരം മാറ്റണം. സര്‍വകലാശാലകളുടേയും സര്‍ക്കാരിന്‍റെയും പ്രതിനിധിയും നിയമന ബോര്‍ഡില്‍ ഉണ്ടായിരിക്കണമെന്നും ശിപാര്‍ശയില്‍ പറയുന്നു.
നിയമനങ്ങളിലെ പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്സ്മാനെ നിയമിക്കണമെന്നും നിര്‍ദേശമുണ്ട്. സുപ്രീം കോടതിയിലേയോ ഹൈക്കോടതിയിലേയോ വിമരമിച്ച ജഡ്ജിമാരെ വേണം ഓംബുഡ്സ്മാനായി പരിഗണിക്കാനെന്നും കമ്മീഷന്‍ ശിപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസം അഞ്ചായി കുറയ്ക്കാനും കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു. എന്നാല്‍ പ്രവൃത്തി സമയം രാവിലെ 9.30 മുതല്‍ 5.30 വരെയാക്കി ഉയര്‍ത്തണമെന്നും ആകെ അവധി ദിവസങ്ങള്‍ 12 ആയി കുറയ്ക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു. സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് പൂര്‍ണപെന്‍ഷന്‍ നല്‍കണമെന്നതാണ് മറ്റൊരു നിര്‍ദേശം. കമ്മീഷന്‍ ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *