പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ മരവിപ്പിച്ചു ;തുടര്‍ നടപടികള്‍ വേണ്ടെന്ന് മന്ത്രിസഭായോഗം

Top News

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കിയ തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വേണ്ടെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.ഭരണപക്ഷത്തില്‍ നിന്നടക്കം ശക്തമായ എതിര്‍പ്പ് നേരിട്ടതിന് പിന്നാലെയാണ് പുതിയ നീക്കം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടിയില്‍ വലിയ പ്രതിഷേധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ക്യാബിനറ്റില്‍ വ്യക്തമാക്കിയതായാണ് വിവരം. മരവിപ്പിക്കുന്നത് സംബന്ധിച്ച് തുടര്‍നടപടികള്‍ക്കായി ധനമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തിയെന്നും സൂചനയുണ്ട്.സംസ്ഥാനത്തെ 122 പൊതുമേഖലാ സ്ഥാപനങ്ങളിലെയും, ആറ് ധനകാര്യ കോര്‍പ്പറേഷനുകളിലെയും ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58ല്‍ നിന്ന് അറുപതാക്കി ഉയര്‍ത്തി ഒക്ടോബര്‍ 29നാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. ഒന്നര ലക്ഷത്തോളം ജീവനക്കാരാണ് ഇവിടങ്ങളിലുള്ളത്.
വലിയ പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, ജല അതോറിട്ടി ഒഴികെയുള്ളവയിലാണ് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചത്. മൂന്നിടത്തും 56 വയസെന്ന പെന്‍ഷന്‍ പ്രായം മൂന്നു മാസത്തെ പഠനത്തിനു ശേഷം അറുപതാക്കി വര്‍ദ്ധിപ്പിക്കുമെന്നും അറിയിച്ചിരുന്നു.ഒക്ടോബര്‍ 29 മുതല്‍ വിരമിക്കേണ്ടവര്‍ക്ക് വര്‍ദ്ധന ബാധമാക്കിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ സേവന, വേതന വ്യവസ്ഥകള്‍ ഏകീകരിക്കുന്നതടക്കം പഠിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് സമ്ബൂര്‍ണമായി നടപ്പാക്കാന്‍ ധനകാര്യ അഡി.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വകുപ്പ് സെക്രട്ടറിമാരുടെ സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. ഏപ്രില്‍ 20നു ചേര്‍ന്ന മന്ത്രിസഭായോഗം, തൊഴിലന്വേഷകരായ യുവാക്കളുടെ രോഷം ഭയന്ന്, കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, ജല അതോറിട്ടി എന്നിവയെ ഒഴിവാക്കി റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു.പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തിയതില്‍ പ്രതിപക്ഷത്തിന് പുറമെ ഇടതു യുവജനസംഘടനകളും എതിര്‍പ്പറിയിച്ചതോടെ, സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു.
യു.ഡി.എഫും, ബി.ജെ.പിയും സര്‍ക്കാരിനെ കടന്നാക്രമിച്ച് രംഗത്തെത്തുകയും ചെയ്തു. അഭ്യസ്തവിദ്യരായ യുവാക്കളേറെയുള്ള കേരളത്തില്‍ പൊതുമേഖലയിലടക്കം പെന്‍ഷന്‍ പ്രായമുയര്‍ത്തുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഇടത് യുവജന സംഘടനകള്‍ മുന്നോട്ടുവച്ചത്. എ.ഐ.വൈ.എഫ് സര്‍ക്കാര്‍ തീരുമാനത്തെ കടന്നാക്രമിച്ചപ്പോള്‍, ഡി.വൈ.എഫ്.ഐ സര്‍ക്കാരിനെ തള്ളിപ്പറയാതെ കരുതലോടെയായിരുന്നു എതിര്‍പ്പറിയിച്ചത്.
തൊഴിലില്ലായ്മാ പ്രശ്നത്തില്‍ യുവജനവികാരം എതിരായാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലടക്കം തിരിച്ചടിയാകുമെന്നാണ് ഇടത് യുവജന സംഘടനകള്‍ കരുതുന്നത്. യുവജനങ്ങളില്‍ ഇടതുപക്ഷത്തിനുള്ള സ്വാധീനം കുറയ്ക്കാനിടയാക്കുന്ന തീരുമാനമായി ഇത് മാറിയേക്കുമെന്ന ആശങ്കയും ഉയര്‍ന്നിരുന്നു. എന്നാല്‍ സംസ്ഥാനത്തിപ്പോള്‍ തന്നെ പല പൊതുമേഖലാ സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം അറുപതാണെന്നും അത് ഏകീകരിക്കുകയാണുണ്ടായതെന്നുമായിരുന്നു ധനവകുപ്പിന്‍റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *