പെന്‍ഷന്‍ മുടങ്ങി ; ആത്മഹത്യ ചെയ്ത വയോധികന്‍റെ മൃതദേഹവുമായി കലക്ടറേറ്റില്‍ പ്രതിഷേധ സമരം

Latest News

കോഴിക്കോട്: അഞ്ച് മാസമായി വികലാംഗ പെന്‍ഷന്‍ മുടങ്ങി ജീവിതം വഴിമുട്ടിയതോടെ തൂങ്ങിമരിച്ച വയോധികന്‍റെ മൃതദേഹവുമായി കലക്ടറേറ്റില്‍ പ്രതിഷേധ സമരം. ബന്ധുക്കളുടേയും യു.ഡി.എഫ് ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് സമരം നടന്നത്. യൂത്ത് ലീഗ് കോഴിക്കോട് കലക്ടറെ ചേമ്പറിന് മുന്നില്‍ ഉപരോധിച്ചു. ടി.പി.എം. ജിഷാന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ നടക്കാവ് ഇന്‍സ്പെക്ടര്‍ പി.കെ.ജിജീഷിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ്ചെയ്ത് നീക്കി
കലക്ടര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും പൊലീസിലുമെല്ലാം പരാതി നല്‍കിയിട്ടും മുടങ്ങിയ പെന്‍ഷന്‍ തുക ലഭിച്ചിരുന്നില്ല.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹവുമായി സമരക്കാര്‍ കലക്ടറേറ്റിലെത്തിയത്. എം.കെ.രാഘവന്‍ എംപി, കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് കെ. പ്രവീണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

ചക്കിട്ടപാറ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മുതുകാട് പുഷ്പഗിരി വളയത്ത് ജോസഫ് (77) ആണ് വീടിനു മുന്നില്‍ തൂങ്ങിമരിച്ചത്. കലക്ടര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും പൊലീസിലുമെല്ലാം പരാതി നല്‍കിയിട്ടും മുടങ്ങിയ പെന്‍ഷന്‍ തുക ലഭിച്ചിരുന്നില്ല. പെന്‍ഷന്‍ ലഭിക്കാത്തതും സാമ്പത്തിക ബുദ്ധിമുട്ടും സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചു. തനിക്കും ഭിന്നശേഷിക്കാരിയായ മകള്‍ ജിന്‍സിക്കും സര്‍ക്കാരില്‍ നിന്നുള്ള പെന്‍ഷന്‍ മുടങ്ങിയതായി കാണിച്ച് നവംബറില്‍ ജോസഫ് ചക്കിട്ടപാറ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു.
15 ദിവസത്തിനകം പെന്‍ഷന്‍ ലഭിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഓഫിസില്‍ ആത്മഹത്യ ചെയ്യുമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. വടിയുടെ സഹായമില്ലാതെ നടക്കാന്‍ കഴിയാത്ത ജോസഫ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കിടപ്പുരോഗിയും ഭിന്നശേഷിക്കാരിയുമായ മകള്‍ ജിന്‍സി സാന്ത്വന പരിചരണ കേന്ദ്രത്തിലാണ്. സ്വന്തമായുള്ള ഒരേക്കര്‍ ഭൂമിയുടെ പട്ടയത്തിനു വേണ്ടിയും വര്‍ഷങ്ങളായി ജോസഫ് അലയുകയായിരുന്നു. പെന്‍ഷന്‍ മുടങ്ങിയതോടെ പലരില്‍ നിന്നും കടം വാങ്ങി സാമ്പത്തിക ബാധ്യതയും ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *