കോഴിക്കോട് : വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ പെണ്‍കുട്ടികള്‍ക്ക് ബെംഗളൂരുവിലേക്ക് കടക്കാന്‍ പണം നല്‍കി സഹായിച്ചത് സുഹൃത്തുക്കളെന്ന് സൂചന.ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ രണ്ട് തവണയായി സുഹൃത്തുക്കളായ യുവാക്കള്‍ പണം ഗൂഗിള്‍ പേ വഴി കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പുറത്തിറങ്ങിയ കുട്ടികള്‍ ആദ്യം എത്തുന്നത് കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡിലേക്കാണ്. അവിടെ നിന്നും ഒരു ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്നും 500 രൂപ വാങ്ങി. അതിന് ശേഷം സുഹൃത്തിനെ വിളിച്ച് ഇതര സംസ്ഥാന തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി 500 രൂപ തിരികെ അയച്ചു നല്‍കുകയായിരുന്നു. ഇങ്ങനെയാണ് ബസ് യാത്രക്കുള്ള പണം കണ്ടെത്തിയത്.
അവിടെ നിന്നും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തിയ ഇവര്‍ പാലക്കാടേക്ക് യാത്രതിരിച്ചു.
എന്നാല്‍ ആറുപേര്‍ക്ക് പാലക്കാട്ടേക്ക് പോകാന്‍ 500 രൂപ തികയാത്തതിനാല്‍ കണ്ടക്ടറില്‍ നിന്നും 2000 രൂപ വാങ്ങി, അത് സുഹൃത്ത് വഴി വീണ്ടും ഗുഗിള്‍ പേയിലൂടെ തിരികെ നല്‍കി. ബസ് ടിക്കറ്റ് എടുത്ത ബാക്കി തുകകൊണ്ട് ബംഗല്‍രുവിലേക്ക് കടക്കാനായിരുന്നു പദ്ധതി.
എന്നാല്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ കുട്ടികള്‍ ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ കയറിയതോടെ ടിടിആര്‍ വഴിയില്‍ ഇറക്കി വിട്ടു. മറ്റൊരു ട്രെയിനില്‍ കയറിയാണ് ഇവര്‍ മടിവാളയില്‍ എത്തിയത്.
അവിടെയെത്തി ഹോട്ടലില്‍ മുറിയെടുക്കുന്നതിനിടെയാണ് പിടിക്കപ്പെടുന്നത്. കുട്ടികളെ കണ്ട് സംശയം തോന്നിയ ഹോട്ടല്‍ ജീവക്കാര്‍ അവരെ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. ആറ് പെണ്‍കുട്ടികളില്‍ രണ്ട് പേരെയാണ് ഇതിനകം കണ്ടെത്തിയത്. ഒരാളെ കഴിഞ്ഞ ദിവസം ഹോട്ടലില്‍ വെച്ചു രണ്ടാമത്തെ പെണ്‍കുട്ടിയെ മൈസൂരുവില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടെയുമാണ് കണ്ടെത്തിയത്. ഇനിയും നാല് പെണ്‍കുട്ടികളെ കൂടി കണ്ടെത്താനുണ്ട്.
ഇവര്‍ ബംഗളൂരുല്‍ തന്നെ ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇവര്‍ക്കായുള്ള തെരച്ചിലും പുരോഗമിക്കുകയാണ്. കുട്ടികളെ തേടിയുള്ള കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘവും ബെംഗളൂരുവിലുണ്ട്. കസ്റ്റഡിയിലുള്ള പെണ്‍കുട്ടികളില്‍ നിന്നും മറ്റ് കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.