ന്യൂഡല്‍ഹി: ഇസ്രയേല്‍ ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഫോണ്‍, ഇമെയില്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഇന്നും പാര്‍ലമെന്‍റ് പ്രക്ഷുബ്ദമായി. പ്രശ്നത്തില്‍ പാര്‍ലമെന്‍റ് സഭകള്‍ സ്തംഭിപ്പിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ഇന്നും തുടരുകയാണ്.
വ്യാഴാഴ്ച രാജ്യസഭയില്‍ പ്രതിഷേധത്തിനിടെ ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് നല്‍കിയ വിശദീകരണങ്ങള്‍ അടങ്ങിയ പ്രസ്താവന കീറിയെറിഞ്ഞതിന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ശന്തനു സെനിനെ സസ്പെന്‍ഡ് ചെയ്തു. പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സെഷന്‍ കഴിയുന്നത് വരെയാണ് സസ്പെന്‍ഷന്‍. പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധം നടത്തുന്നതിനിടെയാണ് മന്ത്രിയെ ലക്ഷ്യമാക്കി സെന്‍ പ്രസ്ഥാവന കീറിയെറിഞ്ഞത്.
അതേസമയം ഭീകരര്‍ക്കെതിരെ ഉപയോഗിക്കേണ്ട ആയുധം പ്രധാനമന്ത്രി രാജ്യത്തിനെതിരെ ഉപയോഗിച്ചെന്ന് ലോക്സഭയില്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഇസ്രയേല്‍ ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ചെന്നും സംഭവത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
മുന്നൂറിലധികം ഫോണ്‍ നമ്പരുകളാണ് ഇത്തരത്തില്‍ ചോര്‍ന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ മുതല്‍ കേന്ദ്രമന്ത്രിമാരുടെ വരെ ഫോണ്‍ വിവരങ്ങള്‍ ഇസ്രയേല്‍ ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ചോര്‍ന്നതാണ് വിവരം. സംഭവത്തില്‍ കേന്ദ്രം നല്‍കിയ വിശദീകരണം പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖവിലയ്ക്കെടുത്തിട്ടില്ലാത്തതിനാല്‍ പ്രതിഷേധം തുടരുകയാണ്.