പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം

Kerala

സുപ്രീം കോടതിയുടെ
വിദഗ്ധ സമിതി അന്വേഷിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ സുപ്രീം കോടതിയുടെ വിദഗ്ധ സമിതി അന്വേഷിക്കും. വിരമിച്ച സുപ്രീം കോടതി ജഡ്ജി ആര്‍.വി. രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ മേല്‍നോട്ട സമിതിയായിരിക്കും അന്വേഷിക്കുക. ജസ്റ്റീസ് ആര്‍.വി. രവീന്ദ്രനെ കൂടാതെ അലോക് ജോഷിയും സന്ദീപ് ഒബ്റോയിയുമാണ് സമിതിയില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍. പ്രധാനമായും ഏഴു വിഷയങ്ങളാണ് സമിതി പരിഗണിക്കുക. കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതിയോട് സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. സ്വകാര്യതാ ലംഘനം ഭരണഘടനാ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് കോടതി ആഗ്രഹിക്കുന്നത്. ചില ഹര്‍ജിക്കാര്‍ പെഗാസസിന്‍റെ നേരിട്ടുള്ള ഇരകളാണ്.വിവര സാങ്കേതികതയുടെ വളര്‍ച്ചയിലും സ്വകാര്യത പ്രധാനം. മൗലിക അവകാശങ്ങളില്‍ കടന്നു കയറുന്ന നിയന്ത്രണം വേണ്ട. നിയന്ത്രണങ്ങള്‍ ഭരണഘടനാ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം, ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഹര്‍ജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനാ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനെതിരേയും വിമര്‍ശനം നടത്തി. ദേശീയ സുരക്ഷ പറഞ്ഞ് എല്ലാ കാര്യങ്ങളില്‍നിന്നും കേന്ദ്രത്തിന് ഒഴിഞ്ഞു മാറാനാകില്ല. ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് കേന്ദ്രം സമര്‍പ്പിച്ചതെന്നും കോടതി കുറ്റപ്പെടുത്തി. എട്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. പെഗാസസിലെ ആക്ഷേപങ്ങളിലും പരാതികളിലും കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. നേരത്തേ, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആര്‍ക്കും നല്‍കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *