ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ്. ലോക്സഭയില്‍ രാഹുല്‍ ഗാന്ധിയും രാജ്യസഭയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എളമരം കരീം, കെ.സി. വേണുഗോപാല്‍, വി. ശിവദാസന്‍ എന്നിവരുമാണ് നോട്ടീസ് നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സാന്നിധ്യത്തില്‍ പെഗസസ് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു.
പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനത്തിലെ പ്രധാന ചര്‍ച്ച വിഷയമാണ് പെഗസസും കര്‍ഷക പ്രക്ഷോഭവും. ഇരുവിഷയങ്ങളിലും കേന്ദ്രസര്‍ക്കാര്‍ കൈമലര്‍ത്തുന്നതോടെയാണ് വിഷയം ഉയര്‍ത്തികൊണ്ടുവരാനുള്ള പ്രതിപക്ഷത്തിന്‍റെ തീരുമാനം.
പെഗസസ് വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ തീരുമാനിച്ച് യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ ഡി.എം.കെ, എന്‍.സി.പി, ബി.എസ്.പി, നാഷനല്‍ കോണ്‍ഫറന്‍സ്, സി.പി.എം, കേരള കോണ്‍ഗ്രസ്, ആര്‍.എസ്.പി, മുസ്ലിം ലീഗ് നേതാക്കള്‍ പങ്കെടുത്തിരുന്നു.
വര്‍ഷകാല സമ്മേളനം ആരംഭിച്ച ജൂലൈ 19ന് പാര്‍ലമെന്‍റ് കനത്ത പ്രതിഷേധത്തിന് സാക്ഷിയായിരുന്നു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യവും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.