ന്യൂഡല്‍ഹി: ഇസ്രായേല്‍ നിര്‍മിതമായ പെഗസസ് ചാരസോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. സമിതി പരിശോധിച്ച 29 ഫോണുകളില്‍ അഞ്ച് ഫോണുകളില്‍ ചാരസോഫ്റ്റ്വെയര്‍ ഉപയോഗിച്ചതിന്‍റെ സൂചനയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം, ഉപയോഗിച്ചത് പെഗസസ് ചാരസോഫ്റ്റ്വെയര്‍ ആണോ എന്ന് തെളിഞ്ഞിട്ടില്ലെന്നും സാങ്കേതിക റിപ്പോര്‍ട്ട് രഹസ്യമായി വെക്കണമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ നിര്‍ദേശിച്ചു.
അന്വേഷണ റിപ്പോര്‍ട്ടിന് മൂന്നു ഭാഗങ്ങളാണുള്ളത്. സാങ്കേതിക കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട്, ഫോണുകള്‍ പരിശോധിച്ചതിന്‍റെ വിശദാംശങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട്, എങ്ങനെയാണ് പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതെന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍റെ റിപ്പോര്‍ട്ട് എന്നിവയാണിവ.പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍റെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ മടിയില്ലെന്ന് ജസ്റ്റിസ് എന്‍.വി. രമണ വ്യക്തമാക്കി. നിരീക്ഷണം ചെറുക്കാനുള്ള നിയമം പാര്‍ലമെന്‍റ് പാസാക്കണമെന്ന നിര്‍ദേശം റിപ്പോര്‍ട്ടിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇത് സുപ്രീംകോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാമെന്നും കോടതി പറഞ്ഞു.