ഇടുക്കി: പൂപ്പാറയില്‍ ബംഗാള്‍ സ്വദേശിനിയായ 16 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ മൂന്നു പ്രതികള്‍ക്കും 90 വര്‍ഷം തടവും 40000 രൂപയും ശിക്ഷ. ദേവികുളം അതിവേഗ കോടതിയുടെയാണ് വിധി.തിരുനെല്‍വേലി വലവൂര്‍ സ്വദേശി എസ്.സുഗന്ത് (20), തമിഴ്നാട് ബോഡി ധര്‍മപ്പട്ടി സ്വദേശി എം.ശിവകുമാര്‍ (21), എസ്റ്റേറ്റ് പൂപ്പാറ പി.സാമുവേല്‍ (ശ്യാം -21) എന്നിവരെയാണ് ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്മിജു കെ.ദാസ് ഹാജരായി. ശാന്തമ്പാറ എസ്എച്ച്ഒ ആയിരുന്ന അനില്‍ ജോര്‍ജാണു കേസ് അന്വേഷിച്ചത്. ശാസ്ത്രീയ തെളിവുകള്‍, സാഹചര്യം എന്നിവയൊക്കെ പരിശോധിച്ച ശേഷമായിരുന്നു കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികള്‍ ചെറുപ്പക്കാരാണ് പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. ശിക്ഷകളെല്ലാം ഒന്നിച്ചനുഭവിച്ചാല്‍ മതി.
2022 മെയ് 29ന് വൈകിട്ടാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ പതിനാറുകാരിയെ പൂപ്പാറയിലെ തേയിലത്തോട്ടത്തില്‍ വച്ച് പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ ഇരിക്കുമ്പോള്‍ ആറംഗ സംഘമെത്തി സുഹൃത്തിനെ മര്‍ദിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു . കേസില്‍കേസിലെ അഞ്ചും ആറും പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരുടെ കേസ് തൊടുപുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് പരിഗണിക്കുന്നത്. കേസില്‍ തെളിവുകളുടെ അഭാവത്തില്‍ നാലാം പ്രതിയെ വെറുതെവിട്ടിരുന്നു.