പുല്‍വാമ ആക്രമണം: സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് മമത

Latest News

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണം സംബന്ധിച്ച് സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മമത ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സുപ്രീംകോടതി ജഡ്ജിമാരുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. സുപ്രീംകോടതിക്കല്ലാതെ വിഷയത്തില്‍ മറ്റാര്‍ക്കും നിഷ്പക്ഷ അന്വേഷണം നടത്താനാവില്ലെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.സത്യപാല്‍ മാലിക്കിന്‍റെ വെളിപ്പെടുത്തല്‍ പ്രകാരം ഉന്നത നേതൃത്വം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ തന്നെ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ പൂര്‍ണവിശ്വാസമുണ്ട്. ജുഡീഷ്വറിക്ക് മാത്രമേ രാജ്യത്തെ രക്ഷിക്കാനാവു. പുല്‍വാമയില്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ അന്വേഷണം വേണം. എന്നാല്‍ മാത്രമേ ജനങ്ങള്‍ക്ക് സത്യമറിയു എന്നും മമത പറഞ്ഞു.
രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഗുരുതര വീഴ്ച പറ്റിയെന്നും വീഴ്ച മറച്ചുവെക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്നുമായിരുന്നു സത്യപാല്‍ മാലിക് വെളിപ്പെടുത്തിയത്. ജവാന്മാരെ കൊണ്ടുപോകാന്‍ സി.ആര്‍.പി.എഫ് വിമാനം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോറയില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തില്‍ 40 ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായത്. കേന്ദ്ര റിസര്‍വ് പൊലീസ് സേനയിലെ 2500ഓളം സൈനികര്‍ 78 ബസുകളിലായി ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്ക് സഞ്ചരിക്കുന്നതിനിടെയായിരുന്നു ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *