പരവൂര്‍: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട വിചാരണ പരവൂര്‍ കോടതി ഈമാസം 24ലേക്ക് മാറ്റി.പ്രതികള്‍ക്ക് കോടതിയില്‍നിന്ന് രേഖകള്‍ നല്‍കുന്നത് സംബന്ധിച്ച് പ്രോസിക്യൂഷനും പ്രതിഭാഗവും വാദങ്ങള്‍ ഉന്നയിച്ചതിനാലാണ് 24ലേക്ക് മാറ്റിയത്. പ്രതികള്‍ക്ക് സൗജന്യമായും അല്ലാതെയും കൊടുക്കാവുന്ന രേഖകളെക്കുറിച്ചുള്ള ലിസ്റ്റ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.എഫ്.ഐ.ആര്‍, സാക്ഷിമൊഴികള്‍, മൊഴികള്‍, കുറ്റപത്രം, പരിക്ക് സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ്മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ 4022 പേജ് പകര്‍പ്പ് സൗജന്യമായി നല്‍കാമെന്നും, മഹസറുകള്‍, സര്‍ച് ലിസ്റ്റ്, വില്ലേജ്, താലൂക്ക്, കലക്ടറേറ്റ് എന്നിവിടങ്ങളില്‍നിന്ന് ലഭിച്ച രേഖകള്‍, ഡി.എന്‍.എ റിപ്പോര്‍ട്ട്, ഫോറന്‍സിക് ലാബില്‍ നിന്നുള്ള രേഖകള്‍, എക്സ്പ്ലോസീവ് ലൈസന്‍സ് സംബന്ധിച്ച രേഖകള്‍, രസീതുകള്‍, നോട്ടീസുകള്‍, പൊലീസ്, ഫയര്‍ഫോഴ്സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വൈദ്യുതി ബോര്‍ഡ് എന്നിവിടങ്ങളില്‍നിന്ന് ലഭിച്ച 6500 പേജ് വരുന്ന രേഖകളുടെ പകര്‍പ്പ് നല്‍കാന്‍ കഴിയില്ലെന്നും, പ്രതികള്‍ക്കോ അഭിഭാഷകര്‍ക്കോ ഇത് കോടതിയില്‍ വെച്ച് കുറിച്ചെടുക്കാവുന്നതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. രേഖകള്‍ പ്രതിഭാഗത്തിന് ലഭിക്കേണ്ടതാണെന്ന് പ്രതിഭാഗം അഭിഭാഷകയും വാദിച്ചു.
പ്രതികളില്‍ വിദേശത്തായിരുന്ന ഒരാള്‍ നാട്ടിലെത്തിയിട്ടുണ്ടെന്നും ക്വാറന്‍റീന്‍ കഴിഞ്ഞാല്‍ കോടതിയില്‍ ഹാജരാകുമെന്നും അറിയിച്ചിട്ടുണ്ട്. രണ്ട് പ്രതികള്‍ തമിഴ്നാട്ടിലാണുള്ളത്. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ പാരിപ്പള്ളി രവീന്ദ്രന്‍, രതീഷ് ജി. ധരന്‍, ധീരജ് റൊസാരിയോ എന്നിവരും പ്രതിഭാഗത്തിനുവേണ്ടി ആര്‍. ലതയും ഹാജരായി.