ബംഗളൂരു : കന്നട നടന് പുനീത് രാജ്കുമാറിന്‍റെ മരണത്തോടെ ബംഗളൂരുവിലെ ചികിത്സാകേന്ദ്രങ്ങളില്‍ ഹൃദയ പരിശോധനയ്ക്കെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ ദിവസം ശ്രീ ജയദേവ ഇന്സ്റ്റിറ്റ്യൂട്ട് ഒഫ് കാര്‍ഡിയോവാസ്കുലാര്‍ സയന്സസ് ആന്‍ഡ് റിസര്‍ച്ചില് മാത്രമായി രണ്ടായിരത്തോളം ആളുകളാണ് എത്തിയത്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹൃദയാരോഗ്യ ചികിത്സാകേന്ദ്രമാണ് ഇത്. കിലോമീറ്ററുകള്‍ താണ്ടിയാണ് ഏറെപ്പേരും എത്തുന്നത്. അവരിലധികവും ചെറുപ്പക്കാരാണെന്നതാണ് മറ്റൊരു വസ്തുത. തങ്ങള്‍ക്കും പ്രിയപ്പെട്ട സൂപ്പര്സ്റ്റാറിന്‍റെ അവസ്ഥ വരുമോയെന്ന പേടിയിലാണ് ഏറെപ്പേരും.
പുനീതിന്‍റെ മരണത്തിന് ശേഷം രോഗികളുടെ തിരക്ക് വര്ദ്ധിച്ചതായി ഡോക്ടര്‍മാരും പറയുന്നു. പലരെയും നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന പരാതി ഡോക്ടര്‍മാരും പങ്കുവയ്ക്കുന്നു.
പ്രതിദിനം ആയിരം രോഗികളെ പരിശോധിച്ചിരുന്നിടത്ത് ഇപ്പോള്‍ രണ്ടായിരത്തിനടുത്ത് രോഗികളാണ് എത്തുന്നതെന്ന് ആശുപത്രി വൃത്തങ്ങള് പറയുന്നു. കര്‍ണാടകയിലെ പ്രധാനപ്പെട്ട എല്ലാ ചികിത്സാകേന്ദ്രങ്ങളിലെയും അവസ്ഥ ഇതാണ്. കേവലം സംശയത്തിന്‍റെ പേരില്‍ മാത്രം എത്തുന്നവരാണ് അധികവും. അവരെ പറഞ്ഞുമനസിലാക്കുക എന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്.