കോഴിക്കോട് : പുനര്‍ഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യുന്നതിനായി ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ജില്ലാതല നിര്‍വഹണ സമിതി യോഗം ചേര്‍ന്നു. പുനര്‍ഗേഹം പദ്ധതിയുടെ പുരോഗതി യോഗം ചര്‍ച്ച ചെയ്തു. വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ ദൂരത്തിനുള്ളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് പുനര്‍ഗേഹം. 323 അപേക്ഷകളില്‍ 107 അപേക്ഷകള്‍ മോണിറ്ററിങ് കമ്മിറ്റി അംഗീകരിച്ച് രജിസ്ട്രേഷന് നടപടികളിലേക്ക് കടന്നതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തെ അറിയിച്ചു. പുനര്‍ഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ യോഗം ചേരാനും തീരുമാനിച്ചു. കോഴിക്കോട് ജില്ലയുടെ പ്രത്യേകത കണക്കിലെടുത്ത് പദ്ധതിക്കായി വാങ്ങുന്ന ഭൂമി വില വര്‍ദ്ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് കലക്ടര്‍ പറഞ്ഞു. പുനര്‍ഗേഹം ഗുണഭോക്താക്കളുടെ ഭൂമി വില നിര്‍ണ്ണയം വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ വി.കെ മോഹന്‍ദാസ്, കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട്, പഞ്ചായത്ത് പ്രസിഡന്റുമാരായ വി അനുഷ, സതി കിഴക്കയില്‍, പി ശ്രീജിത്ത്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.കെ സുധീര്‍ കിഷന്, പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.