തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അടുത്തവര്‍ഷം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് വനംവകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍. നിര്‍മാണപ്രവൃത്തികള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. ശേഷിക്കുന്ന പ്രവൃത്തികള്‍ സമയബന്ധിതമയായി പൂര്‍ത്തിയാക്കും. പാര്‍ക്ക് സന്ദര്‍ശിച്ച് പ്രവൃത്തികള്‍ വിലയിരുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലും ഇന്ത്യയിലുമുള്ള പക്ഷികള്‍, മൃഗങ്ങള്‍, ഉരഗങ്ങള്‍, രാത്രി സഞ്ചാരികള്‍ എന്നിവയെ ജൂലൈ മാസം മുതല്‍ പാര്‍ക്കില്‍ എത്തിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. സൂ അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതിയോടെ വിദേശ മൃഗങ്ങളെ കൊണ്ടുവരുന്നതിനും പാര്‍ക്കില്‍ യാത്രക്ക് 30 ട്രാം സജ്ജമാക്കുന്നതിനും താല്‍പര്യം പത്രം ക്ഷണിച്ചതില്‍ നിരവധിപേര്‍ സന്നദ്ധരായി. ജൂണ്‍ 30നുശേഷം ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും.
കിഫ്ബിയില്‍ നിന്നും 269.75 കോടിയും പ്ലാന്‍ഫണ്ടില്‍ നിന്ന് 40 കോടിയും ഉള്‍പ്പെടുത്തിയാണ് പാര്‍ക്ക് നിര്‍മാണം ആരംഭിച്ചത്.
ഇപ്പോള്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ആറു കോടി കൂടി അനുവദിച്ചു. 210 കോടിയുടെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയായി. ആ ബില്ലുകള്‍ക്ക് പണം അനുവദിച്ചു.
മറ്റു പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്ന മുറക്ക് കിഫ്ബി ഫണ്ട് അനുവദിക്കും. പുത്തൂര്‍ റോഡ് വികസിപ്പിക്കുന്നതിന് 25 കോടി സര്‍ക്കാര്‍ അനുവദിച്ചു.
പുത്തൂരില്‍ രണ്ടാം പാലത്തിന് 10 കോടിയും അനുവദിച്ചു. കിഫ്ബി സഹായത്തോടെ പാര്‍ക്കിലേക്ക് ഡിസൈന്‍ റോഡ് നിര്‍മിക്കാനും പദ്ധതിയുണ്ട്