തിരുവനന്തപുരം: ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം കടുപ്പിച്ചു.രാത്രി പത്തുമണി വരെ മാത്രമേ ആഘോഷങ്ങള്‍ പാടുള്ളൂവെന്ന് പൊലീസ് നിര്‍ദേശിച്ചു. ആള്‍ക്കൂട്ടങ്ങള്‍ പാടില്ല, കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
പരിശോധന കര്‍ശനമാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഹോട്ടലുകളില്‍ ഡിജെ പാര്‍ട്ടികള്‍ക്കും നിയന്ത്രണമുണ്ട്. രാത്രി 10 ന് ശേഷം പാര്‍ട്ടികള്‍ പാടില്ല. കടകള്‍ രാത്രി പത്തുമണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. രാത്രി കര്‍ഫ്യൂ നിലവില്‍ വന്നതോടെ ആരാധനാലയങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്.ഒമൈക്രോണ്‍ വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതുവത്സരാഘോഷം കരുതലോടെ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. കടകള്‍, ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നവരും ജാഗ്രത പുലര്‍ത്തണം.ഓഫീസുകള്‍, തൊഴിലിടങ്ങള്‍, സ്കൂളുകള്‍, മാര്‍ക്കറ്റുകള്‍, കടകള്‍, പൊതുഗതാഗത ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വായു സഞ്ചാരം ഉറപ്പാക്കണം.
കടകളില്‍ അകലം പാലിക്കണം. ആള്‍ക്കൂട്ടത്തില്‍ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.ചുരുങ്ങിയ ദിവസം കൊണ്ടു വേഗത്തില്‍ പടരുന്ന വകഭേദമാണ് ഒമൈക്രോണ്‍. വാക്സീന്‍ എടുത്തവര്‍ക്കു ഗുരുതരാവസ്ഥ കുറവാണെങ്കിലും അതു നല്‍കുന്ന പ്രതിരോധശേഷി മറികടക്കാനും രണ്ടാമതും വൈറസ് ബാധിക്കാനും മറ്റു വകഭേദങ്ങളെക്കാള്‍ സാധ്യതയുണ്ട്. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്ന് എത്തി സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 7 ദിവസം വീടുകളില്‍ കഴിയുന്നതാണ് നല്ലത്. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയും ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വേണമെന്നും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.