. വോട്ടെണ്ണല്‍ എട്ടിന്
. ചാണ്ടി ഉമ്മന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി
. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക് സി.പി.എം
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ സെപ്റ്റംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെണ്ണല്‍ എട്ടിന് നടക്കും.
ഓഗസ്റ്റ് 17 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. സൂക്ഷ്മ പരിശോധന ഓഗസ്റ്റ് 18 ന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്.
പുതുപ്പള്ളിയില്‍ എം.എല്‍ എ യായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ ഔദ്യോഗികമായി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനാണ് ചാണ്ടി ഉമ്മന്‍റെ പേര് ഹൈക്കമാന്‍ഡിന് കൈമാറിയത്. കന്‍റോണ്‍മെന്‍റ് ഹൗസില്‍ നടന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ചയ്ക്ക് ശേഷമാണ് ചാണ്ടി ഉമ്മന്‍റെ പേര് കെ. സുധാകരന്‍ ഹൈക്കമാന്‍ഡിന് കൈമാറിയത്. ഇതു ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു.ചാണ്ടി ഉമ്മന്‍ വന്‍ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് കെ.സുധാകരന്‍ അഭിപ്രായപ്പെട്ടു.
അതിനിടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ സി.പി. എം സജ്ജമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. അപ്രതീക്ഷിതമായി വേഗത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നതില്‍ വേവലാതിയും അങ്കലാപ്പും സി.പി.എമ്മിന് ഇല്ല. താഴെതലംവരെയുള്ള എല്ലാ സംഘടനാമിഷനറികളും ഫലപ്രദമായി ഇതിനകം തന്നെ പ്രവര്‍ത്തനം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
സി.പി.എമ്മും എല്‍.ഡി.എഫും ഏതുസമയത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചാലും അതിനെ നേരിടാന്‍ തയ്യാറാണ്. സ്ഥാനാര്‍ത്ഥിയെ പെട്ടെന്നുതന്നെ തീരുമാനിക്കും. സഹതാപമല്ല, രാഷ്ട്രീയമാണ് ചര്‍ച്ചയാവുകയെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു.കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിയോട് കരുത്തുറ്റ പോരാട്ടം നടത്തിയ ജെയ്ക് സി തോമസിനെ തന്നെയാവും സി.പി.എം കളത്തിലിറക്കുകയെന്നാണ് സൂചന. റെജി സഖറിയയും പരിഗണനയിലുണ്ട്. 11 ന് തുടങ്ങുന്ന സംസ്ഥാന നേതൃയോഗങ്ങളില്‍ തീരുമാനം ഉണ്ടാകും എന്നാണ് വിവരം.
ജാര്‍ഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ബോക്സാനഗര്‍, ധന്‍പുര്‍, ബംഗാളിലെ ധുപ്ഗുരി, ഉത്തര്‍പ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ എന്നിവിടങ്ങളിലാണ് പുതുപ്പള്ളിയെ കൂടാതെ സെപ്റ്റംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍വന്നു.