തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ പുതുതായി ആരംഭിച്ച ആറു നഴ്സിംഗ് കോളേജുകളില്‍ അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.79 തസ്തികകളാണ് സൃഷ്ടിക്കുക. അഞ്ച് പ്രിന്‍സിപ്പല്‍മാര്‍, 14 അസിസ്റ്റന്‍റ് പ്രൊഫസര്‍, ആറ് സീനിയര്‍ സൂപ്രണ്ട്, ആറ് ലൈബ്രേറിയന്‍ ഗ്രേഡ് ഒന്ന്, ആറ് ക്ലര്‍ക്ക്, ആറ് ഓഫീസ് അറ്റന്‍ഡന്‍റ് എന്നിങ്ങനെ സ്ഥിരം തസ്തികകളാണ് സൃഷ്ടിച്ചത്. ഇതുകൂടാതെ 12 ട്യൂട്ടര്‍, ആറ് ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്‍റ്, ആറ് ഹൗസ് കീപ്പര്‍, ആറ് ഫുള്‍ടൈം സ്വീപ്പര്‍, ആറ് വാച്ച്മാന്‍ എന്നിങ്ങനെ താത്കാലിക തസ്തികളും അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് കോളേജുകള്‍.
2023ലെ കേരള മുന്‍സിപ്പാലിറ്റി (ഭേദഗതി) കരട് ഓര്‍ഡിനന്‍സ് അംഗീകരിക്കാന്‍ തീരുമാനിച്ചു. 2023ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) കരട് ഒര്‍ഡിനന്‍സും അംഗീകരിച്ചു. ഇത് ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയുള്ള പിഴയും ശിക്ഷയുമായി ബന്ധപ്പെട്ടതാണ് ഓര്‍ഡിനന്‍സ്.