ന്യൂഡല്‍ഹി : കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയില്‍ ഇന്ത്യന്‍ വാക്സിനുകള്‍ പുതിയ സാഹചര്യത്തില്‍ ഫലപ്രദമല്ലാതായി മാറിയേക്കാമെന്ന മുന്നറിയിപ്പ് നല്‍കി നീതി ആയോഗ് അംഗം വി കെ പോള്‍.
ഇന്നലെ സിഐഐ പാര്‍ട്ണര്‍ഷിപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സാഹചര്യത്തില്‍ വാക്സിനുകള്‍ ഫലപ്രദമല്ലാതാകുവാന്‍ സാദ്ധ്യത ഏറെയാണെന്നും, പുതിയ കൊവിഡ് വകഭേദങ്ങളെ നേരിടാന്‍ വാക്സിനുകള്‍ നിര്‍മ്മിക്കേണ്ട ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി യോജിച്ച സമീപനമാണ് വേണ്ടത്.
കൊവിഡ് വാകിസിനേഷനില്‍ ആഗോളതലത്തില്‍ മുന്നേറ്റം ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധിയെ നേരിടാന്‍ ശാസ്ത്രത്തില്‍ നിക്ഷേപം നടത്തേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും വി കെ പോള്‍ പ്രതിപാദിച്ചു. അതേസമയം മഹാരാഷ്ട്രയില്‍ ഇന്നലെ 8 ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഏഴ് കേസുകള്‍ മുംബയിലും ഒരെണ്ണം വാസി വിരാറിലുമാണ്.
രോഗം സ്ഥിരീകരിച്ചവര്‍ അന്താരാഷ്ട്ര യാത്രാ പശ്ചാത്തലമില്ലാത്തവരാണ് എന്നത് ആശങ്ക കൂട്ടുന്നുണ്ട്. 24 നും 41 നുമിടയില്‍ പ്രായമുള്ള രോഗബാധിതരില്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് നേരിയ രോഗലക്ഷണങ്ങളുള്ളത്. ഇവരില്‍ രണ്ട് പേര്‍ ആശുപത്രിയിലും ആറ് പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുമാണ്. ഇതോടെ രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 57 ആയി. ഡല്‍ഹിയിലും രാജസ്ഥാനിലും ഇന്നലെ നാല് വീതം ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ ഇതുവരെ ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ളത്. രാജസ്ഥാന്‍ (13), ഗുജറാത്ത് (4), കര്‍ണ്ണാടക (3), കേരളം, ആന്ധ്രാപ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ ഒന്ന് വീതവുമാണ് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത്.