പുതിയ രണ്ടു ഒമൈക്രോണ്‍ വകഭേദങ്ങള്‍ ; ജാഗ്രത തുടരാന്‍ ലോകാരോഗ്യസംഘടന

Top News

ജനീവ: ലോകത്ത് ഇപ്പോള്‍ ഏറ്റവുമധികം പടരുന്ന ഒമൈക്രോണ്‍ വകഭേദത്തിന്‍റെ ഉപവിഭാഗങ്ങളെ നിരീക്ഷിച്ച് വരികയാണെന്ന് ലോകാരോഗ്യസംഘടന.ഉപവകഭേദങ്ങളില്‍ രണ്ടെണ്ണത്തിന് വീണ്ടും ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ട്. രോഗപ്രതിരോധശേഷിയെ മറികടക്കാന്‍ ഇതിന് സാധിച്ചേക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി.ബിഎ.1, ബിഎ.2, ബിഎ.3, ബിഎ.4, ബിഎ.5 അടക്കമുള്ള ഒമൈക്രോണിന്‍റെ ഉപവകഭേദങ്ങളെയാണ് ലോകാരോഗ്യസംഘടന മുഖ്യമായി നിരീക്ഷിച്ച് വരുന്നത്. ഇതില്‍ ബിഎ.1, ബിഎ.2 ഉപവകഭേദങ്ങള്‍ സംയോജിച്ച് എക്സ്ഇ വൈറസ് രൂപപ്പെട്ടിട്ടുണ്ട്. ബിഎ.4, ബിഎ.5 ഉപവകഭേദങ്ങള്‍ കുറച്ചുരാജ്യങ്ങളില്‍ മാത്രമാണ് പടരുന്നത്. എന്നാല്‍ ഈ വകഭേദങ്ങള്‍ക്ക് വീണ്ടും രൂപാന്തരം സംഭവിച്ചിട്ടുണ്ട്. വൈറസിന് പുറത്തുള്ള സ്പൈകിലാണ് ജനിതകവ്യതിയാനം സംഭവിച്ചത്. സ്പൈകിന് വെളിയിലും ജനിതക വ്യതിയാനം കണ്ടെത്തിയിട്ടുണ്ട്.
ഇത് സമാനതകളില്ലാത്ത സംഭവമാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.എസ്:എല്‍452ആര്‍, എസ്: എഫ്486വി എന്ന ഉപവകഭേദങ്ങള്‍ രോഗപ്രതിരോധശേഷിയെ മറികടക്കുമോ എന്ന് ലോകാരോഗ്യസംഘടന ആശങ്കപ്പെടുന്നു. ഈ ഉപവകഭേദങ്ങളെ ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഇവയുടെ സ്വഭാവം, ഇവ എങ്ങനെയാണ് മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ പ്രതികരിക്കാന്‍ പോകുന്നത് അടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. അതിനാല്‍ രാജ്യങ്ങള്‍ നിരീക്ഷണം തുടരണമെന്നും വിവരങ്ങള്‍ യഥാസമയം കൈമാറണമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. കൊറോണ വൈറസിന് രൂപാന്തരം സംഭവിക്കുന്നത് തുടരും.
ലോകമൊട്ടാകെ കൂടുതല്‍ വ്യാപനശേഷിയോടെ ഇത് പടര്‍ന്നെന്നും വരാം. കൂടാതെ ഉപവകഭേദങ്ങള്‍ സംയോജിച്ച് കൊണ്ടുള്ള പുതിയ ഉപവിഭാഗങ്ങള്‍ അടക്കം പുതിയ വൈറസുകള്‍ വീണ്ടും കണ്ടെത്തിയെന്നും വരാമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *