തിരുവനന്തപുരം: ഇടതുമുന്നണി ധാരണപ്രകാരം മന്ത്രിസഭയിലേക്കെത്തുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ.ബി. ഗണേഷ് കുമാറും വെള്ളിയാഴ്ച സ്ഥാനമേല്‍ക്കും.വൈകീട്ട് നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. മന്ത്രിമാരെല്ലാം പങ്കെടുക്കും. 1000 പേര്‍ക്കിരിക്കാനുള്ള പന്തലാണ് തയാറാക്കുന്നത്. പൊതുഭരണവകുപ്പിന്‍റെ നേതൃത്വത്തിലാണ് മറ്റ് ഒരുക്കങ്ങള്‍ പുരോഗമി ക്കുന്നത്. ഞായറാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗമാണ് മന്ത്രിസഭ പുനഃസംഘടന തീരുമാനിച്ചത്. രണ്ടര വര്‍ഷമെന്ന മുന്‍ ധാരണ പ്രകാരം എല്‍.ഡി.എഫ് യോഗത്തിനു മുമ്പ് തന്നെ മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവെച്ചിരുന്നു. ഇതേ വകുപ്പുകള്‍ തന്നെയാകും യഥാക്രമം ഗണേഷിനും കടന്നപ്പള്ളിക്കും ലഭിക്കുക.
രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ.ബി. ഗണേഷ് കുമാറും മൂന്നാം തവണയാണ് മന്ത്രിക്കസേരയിലെത്തുന്നത്. 2009ല്‍ വി.എസ് മന്ത്രിസഭയുടെ പുനഃസംഘടനയിലാണ് കടന്നപ്പള്ളി ആദ്യം മന്ത്രിയാകുന്നത്. 2009 ആഗസ്റ്റ് 17 മുതല്‍ 2011 മേയ് 14 വരെ ദേവസ്വം മന്ത്രിയായി. 2016 മുതല്‍ ഒന്നാം പിണറായി സര്‍ക്കാറില്‍ തുറമുഖ മന്ത്രി.
പിതാവ് ആര്‍. ബാലകൃഷ്ണപിള്ളക്ക് മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് 2001ലാണ് ഗണേഷ് ആദ്യം മന്ത്രിയായത്. ഗതാഗത വകുപ്പായിരുന്നു ചുമതല. 2003ല്‍ പിള്ള കുറ്റമുക്തനായപ്പോള്‍ 22 മാസത്തെ ഇടവേളക്കുശേഷം സ്ഥാനമൊഴിഞ്ഞു. 2011ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറില്‍ വനം-സ്പോര്‍ട്സ് മന്ത്രിയായി രണ്ടാം ഊഴം. ആദ്യ രണ്ടുവട്ടവും യു.ഡി.എഫ് ചേരിയിലായിരുന്നെങ്കില്‍ 12 വര്‍ഷത്തിനിപ്പുറം ഇടതുമുന്നണിയില്‍ നിന്നാണ് ഗണേഷ് മന്ത്രിക്കസേരയിലെത്തുന്നത്.