പുതിയ മദ്യനയം: ബാര്‍ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിച്ചു

Top News

തിരുവന്തപുരം: പുതിയ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ബാര്‍ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിച്ചു. നിലവില്‍ 30 ലക്ഷം രൂപയാണ് ബാര്‍ ലൈസന്‍സ് ഫീസ്. 5 ലക്ഷം രൂപകൂടി വര്‍ദ്ധിപ്പിച്ചു.പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കും. കള്ള് ഷാപ്പുകള്‍ക്ക് ബാറുകളുടേത് പോലെ സ്റ്റാര്‍ പദവി നല്‍കാനും തീരുമാനമായി.
ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാനും സ്പരിറ്റ് ഉല്‍പ്പാദനം സംസ്ഥാനത്ത് ആരംഭിക്കാനും കള്ള് വ്യവസായം പ്രോത്സിപ്പിക്കാനും വേണ്ട ശുപാര്‍ശകള്‍ നല്‍കുന്നതാണ് പുതിയ മദ്യനയം. വിമുക്തി, കള്ളുചെത്ത് മേഖല, വിദേശ മദ്യം എന്നിങ്ങനെ പ്രധാനമായും മൂന്ന് മേഖലകളാണ് നയത്തിലുള്ളത്. ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ ഒഴിവാക്കാന്‍ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും അത് തുടരും. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന നേരത്തെ രംഗത്തെത്തിയിരുന്നു. ഏപ്രിലില്‍ പുതിയ നയം വരേണ്ടതായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നീണ്ടുപോയതാണ് നയവും വൈകാന്‍ കാരണം. .ലഹരി മുക്ത പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് മദ്യനയം ഊന്നല്‍ നല്‍കുന്നതെന്ന് മന്ത്രി എം. ബി.രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി സ്കൂള്‍തലം മുതല്‍ നടന്നുവരുന്നുണ്ടെന്ന് സ്കൂളുകളില്‍ വിമുക്തി ക്ലബ്ബുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കള്ളുഷാപ്പുകളുടെ മുഖഛായ മാറ്റി വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കേരളത്തിന്‍റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാകുന്ന സ്ഥാപനങ്ങളാക്കി മാറ്റും. കേരളാ ടോഡി എന്ന പേരില്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന കള്ള് ബ്രാന്‍ഡ് ചെയ്യും.മൂന്ന് സ്റ്റാര്‍ ക്ലാസിഫിക്കേഷനോ അതിന് മുകളിലോ ഉള്ള ഹോട്ടലുകള്‍ക്കും, വിനോദ സഞ്ചാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന റിസ്സോര്‍ട്ടുകള്‍ക്കും അതാത് സ്ഥാപനങ്ങള്‍ക്കുള്ളിലുള്ള വൃക്ഷം ചെത്തി കള്ള് ഉത്പാദിപ്പിച്ച്, അതിഥികള്‍ക്ക് നല്‍കുന്നതിന് അനുവാദം നല്‍കും. വിദേശ മദ്യവും ബിയറും പരമാവധി സംസ്ഥാനത്തിനുള്ളില്‍ തന്നെ നിര്‍മ്മിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ മദ്യ ഉദ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പാലക്കാടുള്ള മലബാര്‍ ഡിസ്റ്റിലറിയിലെ മദ്യ ഉല്‍പാദനം ഈ വര്‍ഷം ആരംഭിക്കും. പഴ വര്‍ഗങ്ങളില്‍ നിന്ന് (ധാന്യേതരമായ) വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉദ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്ററന്‍റുകള്‍ക്ക് ടൂറിസം സീസണില്‍ മാത്രം ബിയര്‍ വൈന്‍ തുടങ്ങിയവ വില്‍പ്പന നടത്താന്‍ പ്രത്യേക ലൈസന്‍സ് അനുവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *