. പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്കരിക്കും
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരം ഈ മാസം 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രാജ്യത്തിന് സമര്‍പ്പിക്കും. മോദിയുടെ ദീര്‍ഘവീക്ഷണത്തിന്‍റെ സാക്ഷ്യമാണ് ഈ മന്ദിരമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാപറഞ്ഞു.പുതിയ പാര്‍ലമെന്‍റിന്‍റെ ഉദ്ഘാടനം രാഷ്ട്രപതിയെ അവഗണിച്ചാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം ഒന്നടങ്കം ബഹിഷ്കരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം.ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു സ്വാതന്ത്ര്യരാത്രിയില്‍ സ്വീകരിച്ച ചെങ്കോല്‍ വീണ്ടും ഡല്‍ഹിയിലെത്തിച്ച് ലോക്സഭയില്‍ സ്ഥാപിക്കുമെന്ന് അമിത് ഷാ അറിയിച്ചു.
ബ്രിട്ടിഷുകാരില്‍ നിന്ന് ഇന്ത്യന്‍ നേതാക്കളിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെട്ടതിന്‍റെ സൂചകമായി ചെങ്കോല്‍ കൈമാറിയത് 1947 ഓഗസ്റ്റ് 14ന് രാത്രി പത്തേമുക്കാലോടെയായിരുന്നു. തമിഴ്പാരമ്പര്യം പേറുന്ന അധികാര മുദ്രയായിരുന്നു ആ ചെങ്കോല്‍. ബ്രിട്ടിഷ് ഇന്ത്യയുടെ അവസാന വൈസ്രോയി മൗണ്ട്ബാറ്റന്‍ പ്രഭുവും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവും മറ്റു പ്രമുഖ നേതാക്കളും ആ ചടങ്ങിന്‍റെ ഭാഗമായി. അലഹാബാദിലെ മ്യൂസിയത്തിലായിരുന്നു ഇതുവരെ ഈ ചെങ്കോല്‍ സൂക്ഷിച്ചിരുന്നത്.ചെങ്കോല്‍ ഉദ്ഘാടന ദിവസം പ്രധാനമന്ത്രി സ്വീകരിക്കും. ഇത് സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളില്‍ സ്ഥാപിക്കും.
പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മ്മാണത്തില്‍ നാല്‍പ്പതിനായിരത്തോളം പേര്‍ പങ്കാളികളായി. തൊഴിലാളികളെ ചടങ്ങില്‍ പ്രധാനമന്ത്രി ആദരിക്കും. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ക്ഷണിച്ചെന്നും പങ്കെടുക്കുന്ന കാര്യം അവര്‍ തീരുമാനിക്കട്ടെയെന്നുമാണ് പ്രതിപക്ഷ പ്രതിഷേധത്തോടുള്ള അമിത് ഷായുടെ പ്രതികരണം.
അതിനിടെ പാര്‍ലമെന്‍റ് മന്ദിര ഉദ്ഘാടനംബഹിഷ്കരിക്കുമെന്ന് സംയുക്തപ്രസ്താവനയിലൂടെ പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു. കോണ്‍ഗ്രസ് , തൃണമൂല്‍, ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി, ശിവസേന, സി.പി.എം, സി.പി.ഐ തുടങ്ങിയ 19 പാര്‍ട്ടികളാണ് സംയുക്തപ്രസ്താവനപുറപ്പെടുവിച്ചത്.രാഷ്ട്രപതിക്കു പകരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരിക്കുന്നത്.