. പുതിയ പാര്‍ലമെന്‍റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ചു
. ആത്മനിര്‍ഭര്‍ ഭാരതത്തിന്‍റെ പുതിയ സൂര്യോദയത്തിന്‍റെ അടയാളമെന്ന് മോദി
ന്യൂഡല്‍ഹി :പുതിയ പാര്‍ലമെന്‍റ് മന്ദിരം കാലത്തിന്‍റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വരാനിരിക്കുന്ന കാലത്ത് എം.പിമാരുടെയും സീറ്റുകളുടെയും എണ്ണം വര്‍ദ്ധിക്കാനിരിക്കെ ഇക്കാലത്തിന്‍റെ ആവശ്യമെന്ന നിലയിലാണ് മന്ദിരം പണിതതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പാര്‍ലമെന്‍റ് മന്ദിരം രാജ്യത്തിനു സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്നസാക്ഷാത്കാരത്തിന്‍റെ അടയാളമാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം. ഇതു കേവലമൊരു മന്ദിരമല്ല. 140 കോടി ജനങ്ങളുടെ അഭിലാഷങ്ങളുടെ സാക്ഷാത്കാരമാണ്.ആത്മനിര്‍ഭര്‍ ഭാരതത്തിന്‍റെ പുതിയ സൂര്യോദയത്തിന്‍റെ അടയാളമാണ് ഇത്.പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്കും പുതിയ പ്രതീക്ഷകളിലേക്കും പുത്തന്‍ വഴികളിലേക്കും നീങ്ങുമെന്നും മോദി പറഞ്ഞു.
ഭാരതം വളരുമ്പോള്‍ ലോകം വളരുന്നു. രാജ്യത്തിന്‍റെ വികസനത്തിന്‍റെ അടയാളം കൂടിയാണ് ഈ മന്ദിരം. ഇന്ത്യയുടെ വളര്‍ച്ചയ്ക്കും ലോകത്തിന്‍റെ വളര്‍ച്ചക്കും പുതിയ പാര്‍ലമെന്‍റ്മന്ദിരം സംഭാവനകള്‍ നല്‍കും.ഇന്ത്യ ആഗോള ജനാധിപത്യത്തിന്‍റെ മാതാവാണ്. ജനാധിപത്യം നമ്മുടെ സംസ്കാരവും ആശയവും പാരമ്പര്യവുമാണ്. ഇന്ത്യ കൊളോണിയല്‍ ചിന്താഗതി ഉപേക്ഷിച്ചിരിക്കുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള ചെങ്കോല്‍ പാര്‍ലമെന്‍റില്‍ സ്ഥാപിച്ചിരിക്കുന്നു. ചോളസാമ്രാജ്യത്തിന്‍റെ ചെങ്കോല്‍ കര്‍ത്തവ്യപഥത്തിന്‍റെയും സേവന പഥത്തിന്‍റെയും രാഷ്ട്രപഥത്തിന്‍റെയും അടയാളമാണ്. മോദി പറഞ്ഞു.ഞായറാഴ്ച രാവിലെ ഏഴരയോടെ തുടങ്ങിയ പൂജചടങ്ങുകളില്‍ പ്രധാനമന്ത്രിയും പങ്കെടുത്തു. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളില്‍ ചെങ്കോല്‍ സ്ഥാപിച്ച പ്രധാനമന്ത്രി, നിലവിളക്ക് കൊളുത്തിയാണ് പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് അദ്ദേഹം ഇരുചേംബറുകളും സന്ദര്‍ശിച്ചു.2020 ലാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മ്മാണം തുടങ്ങിയത്. 2022ല്‍ പ്രധാന കെട്ടിടത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി. 899 ദിവസങ്ങളാണ് നിര്‍മ്മാണത്തിന് എടുത്തത്. 21 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്. 1200 കോടി രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ത്രികോണാകൃതിയിലാണ് മന്ദിരത്തിന്‍റെ രൂപകല്‍പന. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളാനാകും. ലോക്സഭാ ചേംബറില്‍ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറില്‍ 384 ഇരിപ്പിടങ്ങളുമാണുള്ളത്.