ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്‍റിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി.പുതിയ പാര്‍ലമെന്‍റിന്‍റെ ഉദ്ഘാടനം രാഷ്ട്രപതിയെ കൊണ്ട് നടത്തിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.അഭിഭാഷകനായ സി ആര്‍ ജയ സുകിനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഭരണഘടനയുടെ 79ാം വകുപ്പ് പ്രകാരം രാഷ്ട്രപതിയാണ് രാജ്യത്തെ പ്രഥമപൗരന്‍. പുതിയ പാര്‍ലമെന്‍റ് കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്ത ലോക്സഭാ സെക്രട്ടേറിയറ്റ് നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
പാര്‍ലമെന്‍റ് സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാനും നിര്‍ത്തിവയ്ക്കാനും രാഷ്ട്രപതിയ്ക്കാണ് അധികാരം. പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നിയമിക്കുന്നതും അദ്ദേഹമാണ്. എല്ലാ ഭരണനിര്‍വഹണ നടപടികളും രാഷ്ട്രപതിയുടെ പേരിലാണ്. ചടങ്ങില്‍ രാഷ്ട്രപതിയെ ക്ഷണിക്കാത്തത് അപമാനകരവും ഭരണഘടനാ ലംഘനവുമാണെന്ന വാദം നിലനില്‍ക്കുന്നു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് ലോക്സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവന ഏകപക്ഷീയമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.