പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പിന്‍വലിക്കണം; അമിത് ഷാക്ക് കത്തയച്ച് സ്റ്റാലിന്‍

Top News

ചെന്നൈ: മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങളും പിന്‍വലിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചു.മതിയായ ആലോചനകളും കൂടിയാലോചനകളും ഇല്ലാതെ തിടുക്കത്തിലാണ് പുതിയ നിയമങ്ങള്‍ നടപ്പാക്കിയതെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ച് പുതിയ നിയമങ്ങള്‍ അവലോകനം ചെയ്യണമെന്നും തല്‍ക്കാലം നിയമങ്ങള്‍ തടഞ്ഞുവക്കണമെന്നും സ്റ്റാലിന്‍ കത്തില്‍ അഭ്യര്‍ഥിച്ചു. സംസ്ഥാന സര്‍ക്കാറുമായി വിപുലമായ കൂടിയാലോചന നടത്തേണ്ടതായിരുന്നു. സംസ്ഥാനങ്ങള്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ മതിയായ സമയം നല്‍കിയിട്ടില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ പങ്കാളിത്തമില്ലാതെയാണ് പുതിയ നിയമങ്ങള്‍ പാര്‍ലമെന്‍ര് പാസാക്കിയതെന്നും സ്റ്റാലിന്‍ കത്തില്‍ പറഞ്ഞു. ‘ഈ പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് അക്കാദമിക് സ്ഥാപനങ്ങളുമായി ചര്‍ച്ചകളും ലോ കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള സിലബസ് പരിഷ്കരണവും ആവശ്യമാണ്. അതിന് മതിയായ സമയം ആവശ്യമാണ്. തിടുക്കത്തില്‍ ചെയ്യാന്‍ കഴിയില്ല’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടി ചട്ടം, ഇന്ത്യന്‍ തെളിവ് നിയമം എന്നിവക്ക് പകരമായി പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന ചില പ്രശ്നങ്ങള്‍ അദ്ദേഹം എടുത്തുകാട്ടി.

Leave a Reply

Your email address will not be published. Required fields are marked *