കോഴിക്കോട് : കോഴിക്കോടിന്‍റെ 43ാമത് കലക്ടറായി എ ഗീത ചുമതലയേറ്റു. എ.ഡി.എം. സി മുഹമ്മദ് റഫീഖ് പൂച്ചെണ്ട് നല്‍കി കലക്ടറെ സ്വീകരിച്ചു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മുന്നോട്ട് പോകുമെന്ന് ചുമതല ഏറ്റ ശേഷം കലക്ടര്‍ പറഞ്ഞു. 18 മാസം വയനാട് കലക്ടറായ പരിചയത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. ഓരോ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തുകൊണ്ട് ഒന്നിച്ച് മുന്നോട്ടുപോയത് കൊണ്ടാണ് അതൊരു വലിയ വിജയമായി മാറിയത്. ഇത്തരത്തില്‍ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് കോഴിക്കോടും പ്രതീക്ഷിക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു.പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിന് എല്ലാ ദിവസവും ഒരു നിശ്ചിത സമയം അനുവദിക്കും. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സമീപിക്കുന്നതിന് തടസ്സമില്ല. അഴിമതി അനുവദിക്കില്ലെന്നും ജോലിയുടെ കാര്യത്തില്‍ ഒരു വീഴ്ചയും പാടില്ലെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പഠിക്കും. ഞെളിയന്‍ പറമ്പ് സന്ദര്‍ശിച്ച് നിജ സ്ഥിതി വിലയിരുത്തും. ഗതാഗത കുരുക്ക് ഉള്‍പ്പെടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ചെയ്യേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു.